India

ബസന്ത് ബാലാജി കേരള ഹൈക്കോടതി അഡീഷനല്‍ ജഡ്ജി

ബസന്ത് ബാലാജി കേരള ഹൈക്കോടതി അഡീഷനല്‍ ജഡ്ജി
X

ന്യൂഡല്‍ഹി: അഭിഭാഷകന്‍ ബസന്ത് ബാലാജിയെ കേരള ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും. 2006 മുതല്‍ 11 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായിരുന്ന അദ്ദേഹം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അഭിഭാഷകരുടെ പാനലിലായിരുന്നു.

വി എസ് സര്‍ക്കാരിന്റെ കാലത്ത് സുപ്രധാനമായ പല ഭൂമി ഏറ്റെടുക്കല്‍ കേസുകളിലും സര്‍ക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്. തിരുവനന്തപുരം ലയോള സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളജില്‍ പ്രീ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി. കേരള ലോ അക്കാദമിയില്‍നിന്ന് നിയമത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സബോര്‍ഡിനേറ്റ് കോടതികളിലും തിരുവനന്തപുരത്തെ ജില്ലാ കോടതിയിലും 1995 ല്‍ അദ്ദേഹം തന്റെ നിയമപരിശീലനം ആരംഭിച്ചു. പിന്നീട് 1998 ല്‍ ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. 2011 ല്‍ അഭിഭാഷകനായി സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. ഭാര്യ: സിമി പൊറ്റങ്ങാടിന്‍. മക്കള്‍: ആനന്തിക ബസന്ത്, സാരംഗ് ബസന്ത്.

ബസന്ത് ബാലാജിക്ക് പുറമെ എട്ടുപേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്ജിമാരായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ജഡ്ജിമാരായി ഗൗതം കുമാര്‍ ചൗധരി, അംബുജ് നാഥ്, നവനീത് കുമാര്‍, സഞ്ജയ് പ്രസാദ് എന്നിവരെയാണ് നിയമിച്ചത്. പട്‌ന ഹൈക്കോടതിയിലെ ജഡ്ജിമാരായി നവനീത് കുമാര്‍ പാണ്ഡെയെയും സുനില്‍ കുമാര്‍ പന്‍വാറിനെയും ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയായി ദീപക് കുമാര്‍ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായി പി കെ കൗരവിനേയും നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. മധ്യപ്രദേശിലെ അഡ്വക്കേറ്റ് ജനറലാണ് കൗരവ്.

Next Story

RELATED STORIES

Share it