India

തിരുപ്പതി ദേവസ്ഥാനത്തെ ലഡ്ഡു നിര്‍മാണത്തിന് മായം കലര്‍ന്ന നെയ്യ്, ക്ഷേത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുപ്പതി ദേവസ്ഥാനത്തെ ലഡ്ഡു നിര്‍മാണത്തിന് മായം കലര്‍ന്ന നെയ്യ്, ക്ഷേത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ലഡ്ഡു നിര്‍മാണത്തിനുപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ ക്ഷേത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടിടിഡി എക്സിക്യൂട്ടീവ് എന്‍ജിനീയറായ സുബ്രഹ്‌മണ്യത്തെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ടിടിഡി മാര്‍ക്കറ്റിങ് ജനറല്‍ മാനേജരായിരുന്നു സുബ്രഹ്‌മണ്യം.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദിവസവും ഏകദേശം 4 ലക്ഷം ലഡ്ഡു തയ്യാറാക്കുന്നുണ്ട്. ഇതിനായി 12,000-13,000 കിലോഗ്രാം നെയ്യ് ആവശ്യമാണ്. വൈഎസ്ആര്‍സിപിസര്‍ക്കാരിന്റെ കാലത്ത് ലഡ്ഡു നിര്‍മ്മാണത്തിന് മായം കലര്‍ന്ന നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം ടിഡിപി അധികാരത്തില്‍ വന്നതോടെയാണ് പുറത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ണായക ലാബ് റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു.

മായം കലര്‍ത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. 2019-നും 2024-നും ഇടയില്‍ ഏകദേശം 20 കോടി ലഡ്ഡു മായം കലര്‍ന്ന നെയ്യ് ഉപയോഗിച്ച് നിര്‍മ്മിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഈ കാലയളവില്‍ നിര്‍മ്മിച്ച 48.76 കോടി ലഡ്ഡുവില്‍ ഏകദേശം 40 ശതമാനത്തിലും പാം ഓയില്‍, പാം കേര്‍ണല്‍ ഓയില്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിരുന്നതായി കണ്ടെത്തി.

നെയ്യ് വാങ്ങുന്നതിനായി അന്നത്തെ ടിടിഡി ബോര്‍ഡ് നിരവധി ക്ഷീരോത്പാദക വിതരണക്കാര്‍ക്ക് ഏകദേശം 250 കോടി രൂപ നല്‍കി. ഈ വിതരണക്കാരില്‍ നിന്ന് ടിടിഡി ഏകദേശം 1.61 കോടി കിലോഗ്രാം നെയ്യ് വാങ്ങി, ഇതില്‍ 68 ലക്ഷം കിലോഗ്രാം മായം കലര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു. മുന്‍ ടിടിഡി ചെയര്‍മാനും വൈഎസ്ആര്‍സിപി എംപിയുമായ വൈവി സുബ്ബ റെഡ്ഡിയെ ഹൈദരാബാദിലെ വസതിയില്‍വെച്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ചിന്ന അപ്പണ്ണയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it