India

കര്‍ഷകസമരത്തിനിടെ അറസ്റ്റുചെയ്ത ദലിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ഒരു കേസില്‍ ജാമ്യം

മുക്തര്‍ ജില്ലയിലെ ഗിയാദര്‍ ഗ്രാമവാസിയായ നോദീപ് കൗറിനും കൂട്ടാളികള്‍ക്കുമെതിരേ മൂന്ന് കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡിസംബര്‍ 28 ന് കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ജനുവരി 12ന് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമക്കേസിലാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ഫെബ്രുവരി 13 നാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുന്നത്.

കര്‍ഷകസമരത്തിനിടെ അറസ്റ്റുചെയ്ത ദലിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ഒരു കേസില്‍ ജാമ്യം
X

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ അറസ്റ്റിലായ ദലിത് പൗരവകാശപ്രവര്‍ത്തകയും മസ്ദൂര്‍ അധികാര്‍ സംഗതന്‍ യൂനിയന്‍ നേതാവുമായ നോദീപ് കൗറിന് ഒരു കേസില്‍ ജാമ്യം ലഭിച്ചു. കവര്‍ച്ചാശ്രമക്കേസിലാണ് കൗറിന് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കൊലപാതകശ്രമക്കേസില്‍ കോടതി ജാമ്യം നിരസിച്ചതിനാല്‍ കൗര്‍ ജയിലില്‍ തുടരും. മുക്തര്‍ ജില്ലയിലെ ഗിയാദര്‍ ഗ്രാമവാസിയായ നോദീപ് കൗറിനും കൂട്ടാളികള്‍ക്കുമെതിരേ മൂന്ന് കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡിസംബര്‍ 28 ന് കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ജനുവരി 12ന് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമക്കേസിലാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ഫെബ്രുവരി 13 നാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുന്നത്.


ജനുവരി 12 മുതല്‍ കൗര്‍ ജയിലിലാണ്. വ്യാവസായിക യൂനിറ്റ് ഉരോധവുമായി ബന്ധപ്പെട്ട് പോലിസ് സംഘത്തെ നോദീപും കൂട്ടാളികളും ആക്രമിച്ചതായും മസ്ദൂര്‍ അധികാര്‍ സംഘതന്‍ അംഗങ്ങള്‍ ജീവനക്കാരെയും മാനേജ്‌മെന്റ് അംഗങ്ങളെയും മര്‍ദിച്ചതായും സോനാപത്ത് പോലിസ് ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലിസ് അവകാശപ്പെടുന്നു. ഇതിന്റെ പേരിലാണ് കൗറിനെ അറസ്റ്റുചെയ്ത് റിമാന്റിലാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 148, 149, 384 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നോദീപ് കൗറിനെതിരായ വേട്ടയാരംഭിക്കുന്നത്.

കൗറിന് പോലിസ് കസ്റ്റഡിയില്‍ ക്രൂരപീഡനങ്ങളേറ്റെന്ന വിവരം മാതാവും സഹോദരിയുമാണ് പുറംലോകത്തെ അറിയിച്ചത്. കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്ദൂര്‍ അധികാര്‍ സംഘതന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന 23കാരിയായ നോദീപ് കൗര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളുമായാണ് ഡിസംബറില്‍ അണിചേര്‍ന്നത്. ജനുവരി 12ന് ഇവരെ പോലിസ് അറസ്റ്റുചെയ്തു. ജോലിയില്‍നിന്നും പിരിച്ചുവിട്ടു. നോദീപിനെ അറസ്റ്റുചെയ്‌തെന്ന കാര്യം പോലും പോലിസ് വെളിപ്പെടുത്തിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് കര്‍ണാല്‍ ജയിലില്‍ ഇവരുണ്ടെന്ന് പോലിസ് പറഞ്ഞത്.

ശരീരപരിശോധന നടത്താനോ കോടതിയില്‍ ഹാജരാക്കാനോ പോലിസ് തയ്യാറായില്ല. ഇതെല്ലാം ഇവരുടെ മാതാവും സഹോദരി രാജ്‌വീര്‍ കൗറുമാണ് വെളിപ്പെടുത്തിയത്. നോദീപിനെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിരുന്നു. കലാപത്തിന് പ്രേരണം, ജനസേവകരെ മര്‍ദിച്ചു, അതിക്രമിച്ച് കടക്കല്‍, നിയമവിരുദ്ധ കൂടിച്ചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ബന്ധുക്കളെ പോലും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ അമ്മയ്ക്കും സഹോദരിക്കും അനുമതി നല്‍കിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ദലിത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ അന്താരാഷ്ട്രതലത്തില്‍നിന്നടക്കം ഹരിയാന സര്‍ക്കാരിന്റെ പ്രതികാരനടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it