India

സില്‍ക്യാര രക്ഷാദൗത്യത്തിന്റെ ഭാഗമായ ഖനന തൊഴിലാളിയുടെ വീട് ഡല്‍ഹിയില്‍ പൊളിച്ചുമാറ്റി

സില്‍ക്യാര രക്ഷാദൗത്യത്തിന്റെ ഭാഗമായ ഖനന   തൊഴിലാളിയുടെ വീട് ഡല്‍ഹിയില്‍ പൊളിച്ചുമാറ്റി
X
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഖജൂരി ഖാസില്‍ നഗരവികസന അതോറിറ്റി (ഡി.ഡി.എ) പൊളിച്ചുമാറ്റിയ വീടുകളിലൊന്ന് ഉത്തരകാശിയില്‍ തുരങ്കത്തില്‍ അകപ്പെട്ട 41 പേരെ രക്ഷപ്പെടുത്തിയ വഖീല്‍ ഹസന്റേത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉത്തരകാശിയിലെ സില്‍ക്യാരയില്‍ 17 ദിവസത്തോളം തകര്‍ന്നുപോയ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ റാറ്റ് ഹോള്‍ മൈണെഴ്‌സ് എന്നറിയപ്പെടുന്ന കല്‍ക്കരി ഖനന തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

സില്‍ക്യാര തുരങ്കത്തില്‍ 41 പേരെ രക്ഷപ്പെടുത്തിയതിന് തനിക്ക് ലഭിച്ച പ്രതിഫലം ഇതാണെന്ന് വഖീല്‍ നിരാശ പ്രകടിപ്പിച്ചു. 'സില്‍ക്യാര തുരങ്കത്തിലെ 41 പേരെ ഞങ്ങള്‍ രക്ഷിച്ചു. പകരം ലഭിച്ചതോ, ഇതും. നേരത്തെ അധികാരികളോടും സര്‍ക്കാരിനോടും ഈ വീട് വിട്ടുനല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. ഇന്ന് ഒരു സൂചനയും നല്‍കാതെ ഡി.ഡി.എ വന്ന് വീട് പൊളിച്ചുമാറ്റി, വഖീല്‍ പറഞ്ഞു.

ആസൂത്രിത വികസന പദ്ധതിയുടെ ഭാഗമായ ഭൂമിയിലാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത് എന്ന് ഡി.ഡി.എ അറിയിച്ചു. താനും കുടുംബവും താമസിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങള്‍ എല്ലാം പൊളിച്ചുമാറ്റിയെന്ന് അറിയിച്ച് വഖീല്‍ ഹസന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്, സില്‍ക്യാരയില്‍ രക്ഷാദൗത്യത്തിന് ഒപ്പം ഉണ്ടായിരുന്ന മുന്ന ഖുറേഷിക്കൊപ്പം പോലിസ് സ്റ്റേഷനില്‍ പോയെന്നും പോലിസുകാര്‍ തങ്ങളെ മര്‍ദിച്ചെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. വഖീലും മുന്നയുമുള്‍പ്പെടെ രക്ഷാദൗത്യത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ ഖജൂരി ഖാസില്‍ നിന്നുള്ളവരാണ്.




Next Story

RELATED STORIES

Share it