India

മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു

ബി.ജെ.പി നേതാവുമായ എന്‍. ബിരേന്‍ സിങ്ങിന്റെ സര്‍ക്കാര്‍ മെയ്തേയ് വിഭാഗത്തിന് പ്രോല്‍സാഹനം നല്‍കുന്നുവെന്നാണ് ക്രൈസ്തവ വിഭാഗമായ കുക്കികളുടെ പ്രധാന ആരോപണം.

മണിപ്പൂരില്‍ ക്രൈസ്തവ  കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
X

ഇംഫാല്‍: ഒരു മാസത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂരില്‍ ഏഴുവയസ്സുകാരനെയും മാതാവിനെയും ബന്ധുവിനെയും ആംബുലന്‍സില്‍ ജീവനോടെ ചുട്ടുകൊന്നു. ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇംഫാലിന്റെ പ്രാന്തപ്രദേശത്ത് 2,000ത്തോളം വരുന്ന മെയ്തേയ് അക്രമികളാണ് പോലിസിന് മുന്നില്‍ ആംബുലന്‍സ് തടഞ്ഞ് കുടുംബത്തെ ചുട്ടുകൊന്നത്. വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഏഴ് വയസ്സുകാരനെയും മാതാവിനെയും ബന്ധുവിനെയുമാണ് ജീവനോടെ ചുട്ടുകൊന്നതെന്ന് ടെലഗ്രാഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ഏഴു വയസ്സുകാരന്‍ ടോണ്‍സിംഗ് ഹാങ്സിംഗ്, മാതാവ് 45കാരി മീനാ ഹാങ്സിംഗ്, ഇവരുടെ ബന്ധു 37 വയസ്സുള്ള ലിഡിയ ലൗറെംബം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുക്കി വിഭാഗത്തില്‍പെട്ട ക്രിസ്തുമത വിശ്വാസിയെ വിവാഹം കഴിച്ച വിവാഹം കഴിച്ച മെയ്തെയ് ക്രിസ്ത്യാനിയാണ് മീനാ ഹാങ്സിംഗ്. കുക്കി വിഭാഗത്തില്‍പെട്ടവര്‍ കഴിയുന്ന അസം റൈഫിള്‍സ് ക്യാംപിനു നേരെയുണ്ടായ വെടിവയ്പില്‍ ഇവര്‍ക്ക് നേരത്തെ പരിക്കേറ്റിരുന്നു. കുട്ടിയെയും കൊണ്ട് ആംബുലന്‍സില്‍ പോവുന്നതിനിടെയാണ് മെയ്തെയ് വിഭാഗക്കാരുടെ ആക്രമണത്തിനിരയായത്. മരണം സംബന്ധിചച്് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നലെ മുതലാണ് പുറത്തുവരാന്‍ തുടങ്ങിയത്.

മെയ് 3 മുതല്‍ ഇംഫാലില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കാങ്ചുപ്പിലെ അസം റൈഫിള്‍സ് ക്യാംപിലാണ് ഇവര്‍ മൂന്ന് പേരും അഭയം പ്രാപിച്ചിരുന്നത്. 'മെയ് 3 മുതല്‍ ഞങ്ങള്‍ മൈതേയ് കമ്മ്യൂണിറ്റിയില്‍ നിന്ന് നിരവധി ആക്രമണങ്ങളാണ് നേരിടുന്നതെന്നും എന്നാല്‍ ഞായറാഴ്ചത്തെ സംഭവം ഏറ്റവും മോശമായിരുന്നുവെന്നും കൊല്ലപ്പെട്ടവരുട ബന്ധുവായ പൗലെന്‍ലാല്‍ ഹാംഗ്സിംഗ് പറഞ്ഞു. ആംബുലന്‍സ് അസം റൈഫിള്‍സ് ക്യാമ്പില്‍ നിന്ന് ഇംഫാലിലെ റീജി്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് പോവുമ്പോഴാണ് ആക്രമിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ചില അസ്ഥികള്‍ മാത്രമേ കണ്ടെടുക്കാനാവൂ എന്നും സ്‌കൂള്‍ അധ്യാപകനായ പൗലെന്‍ലാല്‍ പറഞ്ഞു. വാഹനം മെയ്തെയ് ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോവേണ്ടതിനാലും താന്‍ ഒരു കുക്കി ആയതിനാലുമാണ് ആംബുലന്‍സില്‍ മൂവരേയും അനുഗമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


'മീനയും ലിഡിയയും ക്രിസ്ത്യാനികളാണ്, പക്ഷേ അവര്‍ മെയ്തേയ് സമുദായത്തില്‍ പെട്ടവരായതിനാല്‍ അവര്‍ ആക്രമിക്കപ്പെടില്ലെന്ന് ഞങ്ങള്‍ കരുതി. പക്ഷേ അവരെ പോലും വെറുതെ വിട്ടില്ലെന്ന് കുക്കികള്‍ക്കുള്ള ദുരിതാശ്വാസ ക്യാംപാക്കി മാറ്റിയ കാങ്ചുപ്പിലെ അസം റൈഫിള്‍സ് ക്യാംപിന് സമീപമുള്ള ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ താമസിക്കുന്ന പൗലെന്‍ലാല്‍ പറഞ്ഞു. 'പോലീസില്‍ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് സ്റ്റേഷനില്‍ പോകാന്‍ എനിക്ക് ഭയമാണ് എന്നായിരുന്നു ആംബുലന്‍സ് ആക്രമണത്തില്‍ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോഷ്വ ഹാംഗ്സിംഗിന്റെ മറുപടി. മൃതദേഹങ്ങള്‍ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ലാ ജോഷ്വ, കുക്കി ആധിപത്യമുള്ള ഗ്രാമമായ കീതെല്‍മാന്‍ബിയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

ഇംഫാല്‍ സിറ്റിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള മെയ്തെയ് ആധിപത്യമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ലാംഫെല്‍ പോലിസിനു കീഴിലുള്ള ഇറോയിസെംബയ്ക്ക് സമീപമാണ് കുടുംബം ആക്രമിക്കപ്പെട്ടതെന്നാണ് അസം റൈഫിള്‍സിലെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെയും കേന്ദ്ര അര്‍ധദ്ധസൈനിക സേന പറയുന്നത്.

ഞങ്ങളുടെ ക്യാംപില്‍ നിരവധി കുക്കി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കുക്കികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇടയ്ക്കിടെ പുറത്തുനിന്ന് വെടിവയ്പ്പുണ്ടാവുന്നുണ്ട്. ഞായറാഴ്ച, അത്തരമൊരു ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അസം റൈഫിള്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് ഇംഫാല്‍ വെസ്റ്റ് എസ്പി ഇബോംച സിങ്ങുമായി ബന്ധപ്പെട്ട് പരിക്കേറ്റവരെ ഇംഫാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത്. അസം റൈഫിള്‍സ് ആസ്ഥാനത്തേക്ക് അയച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരം 4.03നാണ് ഇവര്‍ക്ക് വെടിയേറ്റത്. തുടര്‍ന്ന് ക്യാമ്പില്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. 4.20 ന് എസ്പിയെ വിവരമറിയിച്ചു.


5.16ഓടെ എസ്പിയുടെ മേല്‍നോട്ടത്തില്‍ രോഗികളും നഴ്സുമാരുമായി ആംബുലന്‍സ് കോംപൗണ്ടില്‍ നിന്ന് പുറപ്പെട്ടു. ഇംഫാലിലേക്കുള്ള വഴിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്നതിനാല്‍ മെയ്തേയ് കലാപകാരികളില്‍ നിന്ന് പലപ്പോഴും ആക്രമണം നേരിട്ട അസം റൈഫിള്‍സില്‍ നിന്നുള്ള ആരും ആംബുലന്‍സിനെ അനുഗമിച്ചില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ആംബുലന്‍സിനൊപ്പമുണ്ടായിരുന്ന എസ്പി 5.31 ന് ഞങ്ങളുടെ സീനിയര്‍മാരില്‍ ഒരാളെ വിളിച്ച് ഒരു ജനക്കൂട്ടം ആംബുലന്‍സിന് നേരെ ആക്രമണം നടത്തിയതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചു. ഒരു വലിയ ക്രമസമാധാന പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും അസം റൈഫിള്‍സ് വൃത്തങ്ങള്‍ പറഞ്ഞു. എസ്പി ഒരു മുതിര്‍ന്ന ദ്രുതകര്‍മ സേനാ ഉദ്യോഗസ്ഥനെ വിളിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വലിയ സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പറഞ്ഞ് എസ്പി വീണ്ടും വിളിച്ചതിനല്‍ എല്ലാവരും ബാരക്കിലേക്ക് മടങ്ങിയതായി ആര്‍എഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

എസ്പിയുടെ കണ്‍മുന്നില്‍ വച്ചാണ് ആംബുലന്‍സ് കത്തിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തതെന്ന് ഞായറാഴ്ച വൈകീട്ടാണ് അറിഞ്ഞതെന്ന് അസം റൈഫിള്‍സിലെയും ആര്‍എഎഫിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. ഡ്രൈവറും നഴ്സും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് അറിയാന്‍ എസ്പി ഇബോംച സിംഗിനെ നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവും നല്‍കിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷം അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചക്കുകയും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ ഇതിനോട് വിയോജിക്കുകയാണ്. മണിപ്പൂരില്‍ 34 ദിവസമായി തുടരുന്ന കലാപത്തില്‍ 98 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിനേക്കാള്‍ കൂടുതലാണെന്നാണ് അനൗദ്യോഗിക കണക്ക്.മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബിരേന്‍ സിങ്ങിന്റെ സര്‍ക്കാര്‍ മെയ്തേയ് വിഭാഗത്തിന് പ്രോല്‍സാഹനം നല്‍കുന്നുവെന്നാണ് ക്രൈസ്തവ വിഭാഗമായ കുക്കികളുടെ പ്രധാന ആരോപണം.

Next Story

RELATED STORIES

Share it