India

മുംബൈയില്‍ കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 5,428 പേര്‍ക്ക് വൈറസ് ബാധ

മുംബൈയില്‍ കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 5,428 പേര്‍ക്ക് വൈറസ് ബാധ
X

മുംബൈ: ഡല്‍ഹിക്ക് പിന്നാലെ മുംബൈയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,428 പേര്‍ക്കാണ് നഗരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണ് പോസിറ്റീവ് ബാധിതര്‍. കഴിഞ്ഞ ഏഴുമാസത്തിനിടെ ആദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 8,067 കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളില്‍ 50 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍ എട്ട് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ നാല് കേസുകള്‍കൂടി ഇന്ന് റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആശങ്കയ്ക്കിടയാക്കി പുതിയ കൊവിഡ് വകഭേദത്തിന്റെ ആകെ കേസുകളുടെ എണ്ണം 454 ആയി.

അതേസമയം, തുറസായ സ്ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവല്‍സര ആഘോഷങ്ങളെല്ലാം മുംബൈയില്‍ നിരോധിച്ചിരുന്നു. സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ച് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ് ചൈതന്യയാണ് ബുധനാഴ്ച ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 15 വരെയാണ് വിലക്ക്. ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍, റൂഫ് ടോപ്പുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടങ്ങളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രെയിനുകള്‍, ബസ്സുകള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ നഗര ഭരണകൂടം കുതിച്ചുചാട്ടത്തെ നേരിടാന്‍ വാര്‍ഡ് ലെവല്‍ വാര്‍ റൂമുകള്‍ വീണ്ടും സജീവമാക്കി. ആശുപത്രി പ്രവേശനം, ഓക്‌സിജന്‍, മരുന്ന് ആവശ്യകതകള്‍, വാക്‌സിനേഷന്‍ എന്നിവ വാര്‍ റൂമുകള്‍ കൈകാര്യം ചെയ്യും. പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം വ്യാഴാഴ്ച മഹാരാഷ്ട്ര ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്കാണ് കത്തെഴുതിയത്. വര്‍ധിച്ചുവരുന്ന മരണനിരക്ക് ഒഴിവാക്കാന്‍ ഇപ്പോള്‍തന്നെ നടപടികള്‍ സ്വീകരിക്കുക- കേന്ദ്രം കത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it