India

വേട്ടസംഘത്തിന്റെ വെടിയേറ്റ് എസ്‌ഐ അടക്കം മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു

വേട്ടസംഘത്തിന്റെ വെടിയേറ്റ് എസ്‌ഐ അടക്കം മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു
X

ഗുണ: കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തോക്കുകളുമായി മോട്ടോര്‍ ബൈക്കിലെത്തിയ വേട്ടക്കാര്‍ പോലിസുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗുണ പോലിസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പോലിസ് തിരിച്ചടിച്ചെങ്കിലും ഇടതൂര്‍ന്ന മരക്കാടുകള്‍ മറയാക്കി വേട്ടക്കാര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ ജതാവ്, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ത് കുമാര്‍ മിന, കോണ്‍സ്റ്റബിള്‍ നീരജ് ഭാര്‍ഗവ് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലിസ് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹത്തെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കൃഷ്ണമൃഗങ്ങളെ ലക്ഷ്യമിട്ട് വേട്ടക്കാര്‍ പ്രദേശത്തു ക്യാംപ് ചെയ്യുന്നതായി പോലിസിനു സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ ഗുണ ജില്ലയിലെ ആരോണ്‍ പോലിസ് സ്‌റ്റേഷന്റെ കീഴിലുള്ള വനത്തിലേക്ക് അയച്ചത്. വനമേഖലയില്‍നിന്ന് നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വേട്ടക്കാരനെന്ന് സംശയിക്കപ്പെടുന്ന വെടിയേറ്റ് പരിക്കേറ്റ ഒരാളുടെ മൃതദേഹം സമീപത്തെ ബിഡോറിയ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് പോലിസ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, വേട്ടക്കാരുടെ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ച മൂന്ന് പോലിസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പോലിസുകാര്‍ക്ക് രക്തസാക്ഷി പദവി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് എത്താന്‍ വൈകിയതിന് ഗ്വാളിയോര്‍ സോണിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) അനില്‍ ശര്‍മയെയും മുഖ്യമന്ത്രി സ്ഥലം മാറ്റി.

സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം സമീപ ഗ്രാമത്തില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍, കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും- ചൗഹാന്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ചൗഹാന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് സുധീര്‍ സക്‌സേന, മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഗുണ ഭരണകൂടവും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it