India

ഐപിഎല്‍ വാതുവയ്പ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

ഐപിഎല്‍ വാതുവയ്പ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍
X

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. പിടിയിലായത് വന്‍ റാക്കറ്റ് സംഘമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. ഇവരില്‍നിന്ന് 78 ലക്ഷം രൂപയും ഓണ്‍ലൈന്‍ വാതുവയ്പ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.

സംഭവത്തില്‍ 20 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മല്‍സരവുമായി ബന്ധപ്പെട്ടാണ് വാതുവയ്പ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവയ്പ്പ് നടന്നതെന്നാണ് റിപോര്‍ട്ടുകള്‍. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും െ്രെകംബ്രാഞ്ച് അറിയിച്ചു.

ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. രണ്ടാഴ്ച മുമ്പ് സമാനസാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഐപിഎല്‍ സമയത്ത് ഓണ്‍ലൈന്‍ വാതുവയ്പ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതോടെ റെയ്ഡുകള്‍ നടത്താന്‍ പോലിസ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. ചൂതാട്ടം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയത്തിലെ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റുചെയ്തതെന്ന് ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it