India

ഹൈദരാബാദില്‍ പാര്‍പ്പിടസമുച്ചയത്തിലെ 25 പേര്‍ക്ക് കൊവിഡ്

തെലങ്കാന സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍പ്പിടസമുച്ചം സന്ദര്‍ശിച്ചു. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. നാലുദിവസത്തിനിടെയാണ് ഇത്രയുംപേര്‍ക്ക് രോഗം പടര്‍ന്നത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്.

ഹൈദരാബാദില്‍ പാര്‍പ്പിടസമുച്ചയത്തിലെ 25 പേര്‍ക്ക് കൊവിഡ്
X

ഹൈദരാബാദ്: ഹൈദരാബാദില്‍ പാര്‍പ്പിടസമുച്ചയത്തിലെ 25 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഹൈദരാബാദ് ഓള്‍ഡ് സിറ്റി മദനാപേട്ടിലെ പാര്‍പ്പിടസമുച്ചയത്തിലാണ് ആളുകള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ എല്ലാം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ചാര്‍മിനാര്‍ സോണല്‍ കമ്മീഷണര്‍ എന്‍ സാമ്രാട്ട് അശോക് ആണ് ഇക്കാര്യം അറിയിച്ചത്. ആരില്‍നിന്നാണ് ഇവര്‍ക്ക് കൊവിഡ് പകര്‍ന്നതെന്ന് പരിശോധിച്ചുവരികയാണ്. രോഗബാധിതരുടെ സമ്പര്‍ക്കമേഖല കണ്ടെത്താന്‍ പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.

തെലങ്കാന സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍പ്പിടസമുച്ചം സന്ദര്‍ശിച്ചു. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. നാലുദിവസത്തിനിടെയാണ് ഇത്രയുംപേര്‍ക്ക് രോഗം പടര്‍ന്നത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം സീല്‍ചെയ്ത് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതായി മേഖലാ കമ്മീഷണര്‍ വ്യക്തമാക്കി. ജിഎച്ച്എംസി കമ്മീഷണര്‍ ലോകേഷ് കുമാറും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉന്നത പോലിസ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് പാര്‍പ്പിടസമുച്ചയം സന്ദര്‍ശിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ 50 ലധികം താമസക്കാരുണ്ടെന്ന് ജിഎച്ച്എംസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ ഒരു ഗര്‍ഭിണിയും 11 മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാര്‍പ്പിടസമുച്ചയത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ കുറച്ചാളുകള്‍ പങ്കെടുത്ത ജന്‍മദിനാഘോഷ പരിപാടി നടന്നിരുന്നു. എന്നാല്‍, ആ പാര്‍ട്ടിയില്‍നിന്നാണ് അണുബാധ പടര്‍ന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഹൈദരാബാദില്‍ ആദ്യമായാണ് ഒരു പാര്‍പ്പിടസമുച്ചയത്തില്‍നിന്നുള്ള ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മദനാപേട്ടയുടെ പരിസരവാസികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it