India

കര്‍ണാടകയിലെ അയോഗ്യരായ 15 വിമത എംഎല്‍എമാര്‍ ബിജെപിയില്‍

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് അംഗത്വം നല്‍കി. ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും.

കര്‍ണാടകയിലെ അയോഗ്യരായ 15 വിമത എംഎല്‍എമാര്‍ ബിജെപിയില്‍
X

ബംഗളൂരു: അയോഗ്യരായ കര്‍ണാടകയിലെ 15 കോണ്‍ഗ്രസ്- ജെഡിഎസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് അംഗത്വം നല്‍കി. ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും. ഇതില്‍ 13 പേരെ നിലവില്‍ സ്ഥാനാര്‍ഥികളായി ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിലെ മന്ത്രിമാരെന്നാണ് ബിജെപിയിലേക്ക് വന്ന വിമത എംഎല്‍എമാരെ യെദിയൂരപ്പ വിശേഷിപ്പിച്ചത്. അയോഗ്യരായ എംഎല്‍എമാര്‍ക്ക് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി ഒരുദിവസം പിന്നിടുമ്പോഴാണ് ബിജെപി ഇവര്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്.

17 വിമത എംഎല്‍എമാരില്‍ എംടിബി നാഗരാജ് ഇതിനകം ബിജെപി അംഗമാണ്. മറ്റൊരാളായ റോഷന്‍ ബെയ്ഗിക്ക് ബിജെപി അംഗത്വം നല്‍കിയിട്ടില്ല. ഐഎംഎ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിനാലും ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷിന്റെ കൊലപാതകത്തില്‍ ആരോപണവിധേയനായതിനാലുമാണ് റോഷന്‍ ബെയ്ഗിനെ ഇപ്പോള്‍ ബിജെപിയിലെടുക്കാതിരുന്നതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, മറ്റ് വിമതര്‍ക്കൊപ്പം തന്നെ താനും ബിജെപിയില്‍ ചേരുമെന്ന് റോഷന്‍ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ശിവാജിനഗറില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന റോഷന്‍ ബെയ്ഗും ഉടന്‍തന്നെ പാര്‍ട്ടിയിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

Next Story

RELATED STORIES

Share it