India

15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: 13 പ്രതികള്‍ക്ക് 20 വര്‍ഷം തടവ്; മൂന്നുപേര്‍ക്ക് നാല് വര്‍ഷം വീതം

15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: 13 പ്രതികള്‍ക്ക് 20 വര്‍ഷം തടവ്; മൂന്നുപേര്‍ക്ക് നാല് വര്‍ഷം വീതം
X

ജയ്പൂര്‍: രാജസ്ഥാനില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 16 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി. 13 പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നാലുവര്‍ഷം വീതം തടവുമാണ് വിധിച്ചത്. ഇതില്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ജലവാറിലേക്ക് കൊണ്ടുപോയി നിരവധി ആളുകള്‍ക്ക് വിറ്റ സ്ത്രീക്ക് നാല് വര്‍ഷം കഠിനതടവാണ് വിധിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് 12 പേരെ രാജസ്ഥാനിലെ കോട്ട കോടതി വെറുതെ വിട്ടു.

20 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതികള്‍ 10,000 രൂപ വീതവും നാല് വര്‍ഷം തടവിന് ശിക്ഷിച്ചവര്‍ 7,000 രൂപയും പിഴയും നല്‍കണം. പോക്‌സോ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ തലവനായ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അശോക് ചൗധരിയാണ് വിധിപ്രഖ്യാപനം നടത്തിയത്. പ്രായപൂര്‍ത്തിയാവാത്ത നാല് കുറ്റവാളികള്‍ ഇപ്പോഴും പ്രാദേശിക ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ പ്രത്യേകമായി കേസില്‍ വിചാരണ നേരിടുകയാണ്. ഈവര്‍ഷം മാര്‍ച്ച് മാസത്തിലാണ് 15 കാരിയെ തട്ടിക്കൊണ്ടുപോയശേഷം ഒമ്പത് ദിവസത്തോളം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.

കേസിലെ പ്രതിയായ ബുള്‍ബുള്‍ എന്ന പൂജാ ജെയില്‍ ബാഗ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കോട്ടയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് മാര്‍ച്ച് ആറിന് സുകേത് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പൂജ തന്നെ ജലവാറിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് തന്നെ ഒമ്പത് ദിവസങ്ങളിലായി ഒന്നിന് പിറകെ ഒന്നായി പലര്‍ക്കും കൈമാറി.

അവര്‍ തന്നെ ബലാല്‍സംഗത്തിനിരയാക്കിയെന്ന്‌പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മെയ് 7ന് കോട്ട പോലിസ് 1750 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രേം നാരായണ്‍ നാംദേവ് പറഞ്ഞു. കുറ്റകൃത്യം നടന്ന് ഒമ്പത് മാസത്തിനുള്ളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Next Story

RELATED STORIES

Share it