India

13 ലക്ഷം ഇന്ത്യക്കാരുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്‌

ഇന്റര്‍നെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലാണ് സൈബര്‍ ക്രിമിനലുകള്‍ ബാങ്ക് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ഇസഡ്ഡിനെറ്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

13 ലക്ഷം ഇന്ത്യക്കാരുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്‌
X

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ 13 ലക്ഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്. ഇന്റര്‍നെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലാണ് സൈബര്‍ ക്രിമിനലുകള്‍ ബാങ്ക് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ഇസഡ്ഡിനെറ്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഏകദേശം 130 ദശലക്ഷം ഡോളറാണ് ഇത്രയും വിവരങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്.

ഹാക്കര്‍മാര്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന ജോക്കേഴ്‌സ് സ്റ്റാഷിലാണ് ഇന്ത്യന്‍ ബാങ്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഉള്ളത്. സൈബര്‍ സെക്യൂരിറ്റി ഗവേഷണ സ്ഥാപനമായ ഗ്രൂപ്പ്-ഐബിഎ ആണ് ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച കാര്യം കണ്ടെത്തിയത്. പല പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെയും കാര്‍ഡുകള്‍ വില്‍പ്പനയ്ക്ക് വച്ചവയില്‍ ഉണ്ട്. ഒരു കാര്‍ഡിലെ വിവരങ്ങള്‍ക്ക് 100 ഡോളറാണ് വില.

എടിഎമ്മുകളിലോ പോയിന്റ് ഓഫ് സെയില്‍(ഷോപ്പുകളില്‍ പണം സ്വീകരിക്കാന്‍ വയ്ക്കുന്ന യന്ത്രം) സംവിധാനങ്ങളില്‍ നിന്നോ സ്‌കിമ്മിങ് ഉപകരണം ഉപയോഗിച്ച് ചോര്‍ത്തിയെടുത്തതാണ് ഇത്രയും വിവരങ്ങളെന്നാണ് പ്രാഥമിക വിവരം. ജോക്കേഴ്‌സ് സ്റ്റാഷില്‍ നിന്ന് കാര്‍ഡ് വിവരങ്ങള്‍ വാങ്ങുന്ന ക്രിമിനലുകള്‍ ഇത് ഉപയോഗിച്ച് വ്യാജ കാര്‍ഡുണ്ടാക്കി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്യുക.

ഫെബ്രുവരില്‍ 21.5 ലക്ഷം അമേരിക്കക്കാരുടെ കാര്‍ഡ് വിവരങ്ങള്‍ ജോക്കേഴ്‌സ് സ്റ്റാഷില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. ആഗസ്തില്‍ ഗ്യാസ് ആന്റ് കണ്‍വീനിയന്‍സ് ശൃംഖലയായ ഹൈ-വീ ഉപഭോക്താക്കളുടെ 53 ലക്ഷം കാര്‍ഡ് വിവരങ്ങളും ഇതേ സൈറ്റില്‍ വില്‍പ്പന നടത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍ക്കുന്ന പ്രധാന അധോലോക ക്രെഡിറ്റ് കാര്‍ഡ് ഷോപ്പായി ജോക്കേഴ്‌സ് സ്റ്റാഷ് മാറിയിട്ടുണ്ട്. ടാര്‍ജറ്റ്, വാള്‍മാര്‍ട്ട്, സാക്‌സ് ഫിഫ്ത് അവന്യു, ലോഡ് ആന്റ് ടെയ്‌ലര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളില്‍ നിന്ന് ചോര്‍ത്തിയ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതില്‍ വില്‍പ്പന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it