India

മധ്യപ്രദേശില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദുരന്തം; മരണസംഖ്യ 11 ആയി

മധ്യപ്രദേശില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദുരന്തം; മരണസംഖ്യ 11 ആയി
X

ഭോപാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 11 പേര്‍ മരിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോഡയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. 19 പേരെ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചുറ്റുമതിലിടിഞ്ഞാണ് 30 ഗ്രാമീണര്‍ കിണറ്റില്‍ വീണത്. കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കിയതിനെത്തുടര്‍ന്ന് മതിലിടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. 50 അടി ആഴമുള്ള കിണറ്റില്‍ 20 അടി വെള്ളമാണുള്ളത്.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആദ്യം നാലുപേരുടെയും തുടര്‍ന്ന് ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. വിദിഷ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോദ എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി ഗ്രാമീണര്‍ തടിച്ചുകൂടി. ചിലര്‍ കിണറ്റിലിറങ്ങി. മറ്റുള്ളവര്‍ കിണറിനു ചുറ്റും കെട്ടിയിരുന്ന പാരപ്പറ്റ് മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ മതിലിടിഞ്ഞ് ഗ്രാമീണര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

രാത്രി 11 മണിയോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രാക്ടറും നാല് പോലിസുകാരും തെന്നി കിണറ്റില്‍ വീണതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.

സൗജന്യമായി ഇവരെ ചികില്‍സിക്കും. ദുരിതബാധിതരായ കുടുംബങ്ങളെ ഭാവിയില്‍ സര്‍ക്കാര്‍ എല്ലാവിധത്തിലും സഹായിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ വിശ്വസ് സാരംഗ്, ഗോവിന്ദ് സിങ് രജ്പുത് എന്നിവര്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. ദുരന്തത്തില്‍ പ്രകോപിതരായവര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വീറ്ററില്‍ പ്രതിഷേധം അറിയിച്ചു.

Next Story

RELATED STORIES

Share it