India

ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി
X

ബംഗളൂരു: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ബയദരഹള്ളി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി (51), മക്കളായ സിഞ്ചന(34), സിന്ദൂര(34), മധുസാഗര്‍(25), എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഭാരതിയുടെ ഭര്‍ത്താവ് ശങ്കര്‍ വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയിലായിരുന്നു. ഇതിനിടെയാണ് അബോധാവസ്ഥയിലായ രണ്ടരവയസ്സുകാരിയെ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലാണ് പെണ്‍കുട്ടി അവശനിലയിലായതെന്നാണ് കരുതുന്നത്. കുട്ടി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. നാല് ദിവസം മുമ്പ് മരണപ്പെട്ടതാവാമെന്നാണ് കരുതുന്നത്. ഫോണില്‍ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാല്‍ വീട്ടുടമയാണ് വിവരം പോലിസില്‍ അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.

തുടര്‍ന്ന് പോലിസ് സംഘമെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. നാല് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളൊന്നും അയല്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പോ തെളിവുകളോ കണ്ടെടുത്തിട്ടില്ലെന്നും വീട്ടില്‍ പരിശോധന തുടരുകയാണെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (വെസ്റ്റ്) സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചു. കുടുംബ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. എന്നിരുന്നാലും ഇതുവരെ ഉറപ്പില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അഞ്ചുദിവസമായി വീട്ടിലില്ലാതിരുന്ന അദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ തന്നെ തനിച്ചാക്കി പോയ വിവരം അറിയുന്നത്. വീട്ടുകലഹം മൂലം അഞ്ചുദിവസം മുമ്പാണ് ഇയാള്‍ വീട് വിട്ടിറങ്ങിയത്.

Next Story

RELATED STORIES

Share it