Districts

സുഭിക്ഷ കേരളം പദ്ധതി: 1600 കുടുംബങ്ങള്‍ക്ക് ഗ്രോബാഗ്

സുഭിക്ഷ കേരളം പദ്ധതി: 1600 കുടുംബങ്ങള്‍ക്ക് ഗ്രോബാഗ്
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1600 കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കൃഷി ചെയ്യാനായി ഗ്രോബാഗ് നല്‍കുന്ന പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി.

എല്ലാ വീട്ടിലും പച്ചക്കറിക്കൃഷി എന്ന ലക്ഷ്യവുമായാണ് അഞ്ചു സെന്റിനു താഴെ പുരയിടമുള്ള കുടുംബങ്ങള്‍ക്ക് ഗ്രോബാഗ് നല്‍കുന്ന പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി വിപുലീകൃതമായി പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ക്കും, കൂടുതല്‍ സ്ഥലമുള്ളവര്‍ക്കും ജൂണ്‍ മാസത്തില്‍ പച്ചക്കറിവിത്തും വളവും വിതരണം ചെയ്തിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയാണ് ഈ മാസം വിതരണം ചെയ്യുന്ന ഗ്രോബാഗ്.

നഗരസഭാ കാര്‍ഷിക കര്‍മ്മസമിതിയാണ് ഗ്രോബാഗ് പൂര്‍ണമായും തയ്യാറാക്കി അപേക്ഷകരായ കുടുംബങ്ങളുടെ വീട്ടില്‍ എത്തിച്ചു നല്‍കുന്നത്. ഗ്രോബാഗില്‍ മൂന്നിലൊന്ന് മണ്ണും ബാക്കി ജൈവവളവും ചകിരി കമ്പോസ്റ്റ്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കൂട്ടിച്ചേര്‍ത്ത് നിറച്ചാണ് വീടുകളില്‍ എത്തിക്കുക. വഴുതന, മുളക്, തക്കാളി എന്നിവ തൈകളായും വെണ്ട, ചീര, പയര്‍ എന്നിവ വിത്തുകളായും ആറു പച്ചക്കറി ഇനങ്ങളാണ് ഇതോടൊപ്പം നല്‍കുന്നത്.

ഒരു കുടുംബത്തിന് 25 ഗ്രോബാഗാണ് നല്‍കുക. 25 എണ്ണമടങ്ങുന്ന ഒരു സെറ്റ് ഗ്രോബാഗിന് 2000 രൂപയാണ് ചിലവ്. ഇതില്‍ 1500 രൂപ നഗരസഭയും 500 രൂപ ഗുണഭോക്താവും വഹിക്കും. 32 ലക്ഷം രൂപയാണ് ആകെ പദ്ധതി ചിലവ്. ഇതില്‍ 24 ലക്ഷം രൂപ നഗരസഭ പദ്ധതി വിഹിതവും 8 ലക്ഷം ഗുണഭോക്തൃ വിഹിതവുമായാണ് നല്‍കുന്നത്.

ജൂലൈ 14 മുതല്‍ 26 വരെ കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍ വിവിധ വാര്‍ഡുകളിലെ വീടുകളിലെത്തി ഗ്രോബാഗ് വിതരണം ചെയ്യും.

ഗ്രോബാഗ് വിതരണത്തിന്റെ മുനിസിപ്പല്‍ തല ഉല്‍ഘാടനം 12ാം വാര്‍ഡിലെ ഡോ. ജയചന്ദ്രന് നല്‍കിക്കൊണ്ട് നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. മൊയ്തീന്‍ കുട്ടി, കൗണ്‍സിലര്‍മാരായ നാസര്‍ കുട്ടി, കെ. സുന്ദരന്‍, കെ. ടി. ഷഫീന ടീച്ചര്‍, കൃഷി ഓഫീസര്‍ മാരിയത്ത് ഖിബ്ത്തിയ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it