Districts

കക്കയം ഡാം: അടിയന്തരഘട്ട കര്‍മ്മ പദ്ധതി തയ്യാറായി

വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിശദമായ മാപ്പുകളും വെള്ളത്തിന്റെ പ്രവാഹ ചാര്‍ട്ടും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും പുനരധിവാസത്തിനും ആവശ്യമായ രൂപരേഖയും അടങ്ങിയതാണ് കര്‍മ്മ പദ്ധതി.

കക്കയം ഡാം: അടിയന്തരഘട്ട കര്‍മ്മ പദ്ധതി തയ്യാറായി
X

കോഴിക്കോട്: കക്കയം ഡാമിന്റെയും അനുബന്ധ ഡാമുകളുടെയും അപകട സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള അടിയന്തരഘട്ട കര്‍മ്മ പദ്ധതി തയ്യാറായി. കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജല കമ്മീഷന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡാമിന്റെ ഉടമസ്ഥരായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.

പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിത ഘട്ടങ്ങളില്‍ ജീവനും സ്വത്തിനും പരമാവധി നഷ്ടങ്ങള്‍ കുറയ്ക്കുകയാണ് കര്‍മ്മ പദ്ധതിയുടെ ലക്ഷ്യം. അപകട സാഹചര്യങ്ങില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിശദമായ മാപ്പുകളും വെള്ളത്തിന്റെ പ്രവാഹ ചാര്‍ട്ടും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും പുനരധിവാസത്തിനും ആവശ്യമായ രൂപരേഖയും അടങ്ങിയതാണ് കര്‍മ്മ പദ്ധതി.

അടിയന്തരഘട്ട കര്‍മ്മ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍, കേന്ദ്ര ജല കമ്മീഷന്റെയും വിവിധ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും പ്രതിനിധികള്‍ തുടങ്ങിയവരുടെ വിപുലമായ യോഗം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡ്രിപ്പ്) ഗൗരവ് സിംഗെ ഉദ്ഘാടനം ചെയ്തു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, എന്‍ഡിആര്‍എഫ് നാലാം ബെറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ജിതേഷ് ടി എം, കൊല്‍ക്കത്ത ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ കെ അരവിന്ദ്, എന്‍ആര്‍എസ്‌സി/ഐഎസ്ആര്‍.ഒ ശാസ്ത്രജ്ഞന്‍ അമന്‍പ്രീത് സിങ്, തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശംബു രവീന്ദ്രന്‍, കെ.എസ്.ഇ.ബി (സിഡി.എസ് ആന്‍ഡ് ഡ്രിപ്പ്) ചീഫ് എഞ്ചിനീയര്‍ എസ്. സുപ്രിയ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രീത ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര ജല കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് ഡേവിഡ് ഗൊണ്‍സാലസ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. മോഹനന്‍ എന്നിവര്‍ സാങ്കേതിക ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

വടക്കന്‍ കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയാണ് കുറ്റിയാടി. 1972 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയില്‍ നിന്ന് അഞ്ച് സ്‌കീമുകളിലായി മൊത്തം 231.75 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. കുറ്റിയാടി ജല വൈദ്യുത പദ്ധതി കക്കയം ഡാം, കുറ്റിയാടി അനുബന്ധ ഡാം, സ്പില്‍വേ ഡാം എന്നിവയും ആറ് അനുബന്ധ തടയണകളും അടങ്ങിയതാണ്. ജില്ലയിലെ കൊയിലാണ്ടി താലൂക്കിലൂടെയാണ് കുറ്റിയാടി പുഴ പ്രധാനമായും ഒഴുകുന്നത്. അവസാന ഭാഗത്ത് കൊയിലാണ്ടി, വടകര താലൂക്കുകളുടെ അതിര്‍ത്തിയിലൂടെയും ഒഴുകുന്നു. പദ്ധതിയുടെ താഴ്ഭാഗത്താണ് ജലസേചന വകുപ്പിന്റെ കുറ്റിയാടി ജലസേചന പദ്ധതിയുള്ളത്. കുടിവെള്ളം, ജലസേചനം, ഊര്‍ജ്ജ ഉദ്പാദനം എന്നീ ആവശ്യങ്ങള്‍ക്കായി കുറ്റിയാടി പുഴയിലെ ഡാമുകളിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്.

Next Story

RELATED STORIES

Share it