Districts

കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി റിപോര്‍ട്ട്

കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.

കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി റിപോര്‍ട്ട്
X

കണ്ണൂർ: ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ കലക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്.

മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകുന്നേരം 4 മണിക്ക് തലശ്ശേരി കോ-ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്. രോഗബാധിതനായി മാഹി സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളും പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it