Districts

തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ലെന്ന് പരാതി

ഓരോന്നും പിടിപ്പിച്ച ശേഷം ടെസ്റ്റ് ചെയ്താണ് അടുത്തവ പിടിപ്പിച്ചത്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഓരോന്നായി പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.

തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ലെന്ന് പരാതി
X

മാള: കുഴൂര്‍ ഗ്രാമപ‍ഞ്ചായത്തിൽ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച എല്‍ഇഡി തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ലെന്ന് പരാതി. തെരുവ് വിളക്കുകളുണ്ടായിരുന്നതും ഇല്ലാതിരുന്നതുമായ വൈദ്യുതി കാലുകളില്‍ എൽഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ്.

തെരുവ് വിളക്കുകളുണ്ടായിരുന്ന കാലുകളില്‍ നിന്നും ട്യൂബ് സെറ്റുകളടക്കമുള്ളവ അഴിച്ച് മാറ്റിയ ശേഷമാണ് പുതിയ എല്‍ഇഡി സെറ്റുകള്‍ സ്ഥാപിച്ചത്. ഓരോന്നും പിടിപ്പിച്ച ശേഷം ടെസ്റ്റ് ചെയ്താണ് അടുത്തവ പിടിപ്പിച്ചത്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഓരോന്നായി പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ബഹുഭൂരിപക്ഷവും മങ്ങി പ്രകാശിക്കുന്നുണ്ടെങ്കിലും വെളിച്ചമുണ്ടാകുന്നില്ല. തെരുവ് വിളക്കുകളില്ലാതിരുന്നിടങ്ങളില്‍ പുതുതായി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചപ്പോള്‍ പരിസരവാസികള്‍ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നത് നിരാശയിലേക്ക് വഴിമാറുകയായിരുന്നു.

നിലവിലുള്ള ഭരണ സമിതി നിലവിൽ വന്നതിനു ശേഷം തെരുവ് വിളക്കുകള്‍ക്ക് ടെൻഡർ വിളിക്കുകയും മൂന്ന് വർഷത്തെ റീപ്ലെയ്സ്മെന്‍റ് വാറന്‍റി അടക്കം ഏറ്റവും കുറഞ്ഞ തുകക്ക് ടെൻഡർ ചെയ്താണ് വിളക്കുകള്‍ സ്ഥാപിച്ചത്. എറണാകുളം ഇടപ്പള്ളിയിലെ കൂളക്സ് എല്‍ഇഡി ട്രാന്‍സ്ഫോം ഇലക്ട്രിക്കല്‍സുമായാണ് കരാറായത്. ഇവർ 440 ഓളം വരുന്ന പുതിയ എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതാണ്. ഇവരുടെ സര്‍വ്വീസ് മോശമായതിനാല്‍ അവരെ ഒഴിവാക്കി മറ്റൊരു സ്ഥാപനവുമായി ടെന്‍ഡറായിരിക്കുകയാണ്.

പൊന്തക്കാടുകളും തെരുവ് നായ്ക്കളും പാമ്പുകളും മറ്റുമുള്ള എരവത്തൂര്‍ മുതല്‍ കൊച്ചുകടവ് വരെയുള്ള റോഡരികിൽ സ്ഥാപിക്കപ്പെട്ട തെരുവ് വിളക്കുകളില്‍ ഏതാനും എണ്ണം മാത്രമാണ് പ്രകാശിക്കുന്നത്. വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും വിളക്കുകളിലെ പ്രകാശം മാത്രമാണ് വഴി യാത്രികര്‍ക്ക് ആശ്വാസം. അവിടങ്ങളിലെ വിളക്കുകളണഞ്ഞാല്‍ പിന്നെ കൂരിരുട്ടാണ്. പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പുതിയ ട്യൂബ് സെറ്റുകള്‍ വൈകാതെ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി മനോജ് പറഞ്ഞു.

Next Story

RELATED STORIES

Share it