Districts

കെയര്‍ ഹോം പദ്ധതി: പ്രളയ ബാധിതര്‍ക്കുള്ള വീടിന്റെ താക്കോല്‍ കൈമാറി

കെയര്‍ ഹോം പദ്ധതി: പ്രളയ ബാധിതര്‍ക്കുള്ള വീടിന്റെ താക്കോല്‍ കൈമാറി
X
മാള: സംസ്ഥാന സഹകരണ വകുപ്പ് മുഖാന്തിരം പ്രളയ ബാധിതര്‍ക്കായി കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ദാനകര്‍മ്മം നടത്തി. പദ്ധതി പ്രകാരം കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നിര്‍മിച്ചു നല്‍കുന്ന 10 വീടുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എരവത്തൂര്‍ നൈശ്ശേരി ചന്ദ്രന്റെ ഭാര്യ രമണിക്കുള്ള വീടിന്റെ സമര്‍പ്പണം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ലളിത ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിച്ചു. കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി മുഖ്യാതിഥിയായിരുന്നു. കെയര്‍ ഹോം നിര്‍മാണ വിഭാഗം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഗീത, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി എ ഷമീര്‍, ഗ്രാമപ്പഞ്ചായത്തംഗം എം കെ ഡേവീസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഐ ബാലഗോപാല്‍, ഡയറക്ടര്‍ കെ സി ഗോപി സംസാരിച്ചു.

2018 ആഗസ്ത് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ താമസയോഗ്യമല്ലാതായി മാറിയവര്‍ക്ക് സര്‍ക്കാര്‍ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍പെടുത്തി 10 കുടുംബങ്ങള്‍ക്കാണ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. 4,95,000 രൂപ ചെലവഴിച്ച് രണ്ട് കിടപ്പുമുറികളോട് കൂടിയ 500 ചതുരശ്രയടിയിലുള്ള വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. ഇവയില്‍ ആദ്യത്തേതിന്റെ സമര്‍പ്പണമാണ് നടന്നത്. ആറെണ്ണത്തിന്റെ സമര്‍പ്പണം ഈമാസം തന്നെ നടക്കും. ബാക്കി മൂന്നെണ്ണത്തിന്റേത് അടുത്ത മാസം നടക്കും.




Next Story

RELATED STORIES

Share it