News

ദലിത് വിവേചനം തുടരുന്നു; അംബേദ്കർ ​ഗ്രാമം പദ്ധതി നടത്തിപ്പ് തുക അഞ്ചിലൊന്നായി വെട്ടിക്കുറച്ചു

ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ 2 കോളനികളെ വീതം തിരഞ്ഞെടുത്ത് ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തത്.

ദലിത് വിവേചനം തുടരുന്നു; അംബേദ്കർ ​ഗ്രാമം പദ്ധതി നടത്തിപ്പ് തുക അഞ്ചിലൊന്നായി വെട്ടിക്കുറച്ചു
X

കോഴിക്കോട്: ദലിത് വിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ വിവേചനം തുടരുന്നു. ദലിത് വിഭാഗങ്ങള്‍ക്കായി വിഭാവനം ചെയ്ത അംബേദ്കര്‍ ഗ്രാമം പദ്ധതിക്കായി അനുവദിക്കുന്ന തുകയില്‍ അഞ്ചിലൊന്ന് വെട്ടിക്കുറച്ചതായി വ്യക്തമാക്കുന്നതായി നിയമസഭാ രേഖ.

അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. ഈ പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്.

ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ 2 കോളനികളെ വീതം തിരഞ്ഞെടുത്ത് ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തത്.

കോളനിക്കകത്തുള്ള റോഡ്, ആശയവിനിമയ സൗകര്യം, കുടിവെള്ള സൗകര്യം, ഭവന പുനരുദ്ധാരണം, വൈദ്യുതീകരണം തുടങ്ങിയ പതിനാലോളം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ വരുന്നത്. 2018-19 സാമ്പത്തിക വര്‍ഷം പ്രളയ ബാധിത കോളനികള്‍ക്കാണ് പരിഗണന നല്‍കിയത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 14 ജില്ലകളില്‍ നിന്നായി 202 പട്ടികജാതി കോളനികളെ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്ന് നിയമസഭാ രേഖയില്‍ വ്യക്തമാക്കുന്നു. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ ചോദിച്ച ചോദ്യത്തിനാണ് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി നല്‍കിയത്.

202 പട്ടികജാതി കോളനികളെ പദ്ധതിക്കായി തിരഞ്ഞെടുത്തെങ്കിലും 166 കോളനികള്‍ക്കാണ് ഇതുവരെ പദ്ധതി തുക അനുവദിച്ചിരിക്കുന്നത്. ഇത്രയും കോളനികള്‍ക്ക് ലഭിക്കേണ്ടത് 166 കോടി രൂപയാണെങ്കിലും അനുവദിച്ചത് 33.2 കോടി രൂപ മാത്രമാണ്. കോളനി ഒന്നിന് ഒരു കോടി രൂപ വേണ്ടയിടത്ത് ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. അതായത് പദ്ധതി നടത്തിപ്പിന് നേരത്തേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലഭിക്കേണ്ട തുകയില്‍ അഞ്ചിലൊന്ന് വെട്ടിക്കുറച്ചു.

ഫണ്ടില്ലെന്ന് പറഞ്ഞ് ദലിത്-ആദിവാസി മേഖലകളില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിശ്ചലമാണ്. ഇതിന് പിന്നാലെയാണ് പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഫണ്ടിലും ഇടത് സര്‍ക്കാര്‍ കത്തിവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it