Nature

ചാലക്കുടിപ്പുഴയിൽ കണക്കൻകടവിലെ താല്‍ക്കാലിക തടയണ പൊട്ടിയൊഴുകി

ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന പ്രദേശമായതിനാലാണ് ഉപ്പുവെള്ള ഭീഷണിയുള്ളത്. കണക്കൻകടവിലെ ഷട്ടർ നിർമ്മിച്ചപ്പോൾത്തന്നെ ചോർച്ചയും തുടങ്ങിയിരുന്നു. എന്നാൽ ഷട്ടറുകൾ പലതും പൂർണ്ണമായി തകർന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

ചാലക്കുടിപ്പുഴയിൽ കണക്കൻകടവിലെ താല്‍ക്കാലിക തടയണ പൊട്ടിയൊഴുകി
X

തൃശൂർ: ശക്തമായ മഴയിൽ കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ ചാലക്കുടിപ്പുഴയിൽ കണക്കൻകടവിലെ താല്‍ക്കാലിക തടയണ പൊട്ടിയൊഴുകി. വർഷകാലത്താണ് സാധാരണ തടയണ പൊട്ടാറുള്ളത്. സ്ഥിരമായുള്ള ലോഹ തടയണ തകരാറിലായതോടെ വർഷങ്ങളായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഇവിടെ താല്‍കാലിക തടയണയാണ് നിർമ്മിക്കാറുള്ളത്. തടയണ തകര്‍ന്നതോടെ മഴ കുറഞ്ഞാൽ ഉപ്പുവെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പുഴയിൽ വെള്ളം ഉയർന്നതോടെ കുഴൂർ ഗ്രാമപഞ്ചായത്തിലെ പുഴയോര മേഖലകൾ വെള്ളക്കെട്ട് ഭീഷണിയിലായിരുന്നു. വെള്ളക്കെട്ട് ഭീഷണി ഒഴിവായെങ്കിലും മഴ കുറഞ്ഞാൽ ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണുള്ളത്. തടയണകൾ എറണാകുളം ജില്ലയിലാണെങ്കിലും അതുകൊണ്ടുള്ള പ്രയോജനവും ദോഷവും കൂടുതലായുള്ളത് തൃശ്ശൂര്‍ ജില്ലയിലെ കുഴൂർ, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾക്കാണ്.

ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന പ്രദേശമായതിനാലാണ് ഉപ്പുവെള്ള ഭീഷണിയുള്ളത്. കണക്കൻകടവിലെ ഷട്ടർ നിർമ്മിച്ചപ്പോൾത്തന്നെ ചോർച്ചയും തുടങ്ങിയിരുന്നു. എന്നാൽ ഷട്ടറുകൾ പലതും പൂർണ്ണമായി തകർന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. യന്ത്ര സംവിധാനത്തോടെയുള്ള ഷട്ടർ പ്രവർത്തന രഹിതമായതോടെ രണ്ടര പതിറ്റാണ്ട് മുമ്പുള്ള സംവിധാനത്തിലേക്ക് തിരിച്ചുപോകേണ്ട സ്ഥിതിയാണ്.

വേനൽ തുടങ്ങുന്നതോടെ പുഴക്ക് കുറുകെ ഡ്രഡ്ജിങ് നടത്തി മണൽ കൊണ്ടുള്ള തടയണ കെട്ടിയാണ് ഉപ്പുവെള്ളം കയറുന്നത് തടയുന്നത്. വേനൽമഴ കനത്താൽ ഈ സംവിധാനങ്ങള്‍ പൂർണ്ണമായും തകര്‍ന്ന് പോകും. മഴ ഇല്ലാതായാൽ വീണ്ടും തടയണ കെട്ടുക പ്രായോഗികമല്ല. പുഴയില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കഴിഞ്ഞ ദിവസമാണ് താല്‍ക്കാലിക തടയണ പൂര്‍ണ്ണമായും തകര്‍ന്നത്. പൊയ്യ, കുഴൂർ, അന്നമനട ഗ്രാമപഞ്ചായത്തുകളിൽ കൃഷിക്കും കുടിവെള്ളത്തിനും ഈ തടയണ സംവിധാനമാണ് ആശ്രയം. അതില്ലാതാകുന്നതോടെ ഇതിനെല്ലാം തടസ്സമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

Next Story

RELATED STORIES

Share it