Environment

പ്രകൃതിയില്‍ വര്‍ണം വിതറുന്ന പൂമ്പാറ്റ കൗതുകങ്ങള്‍

1973ല്‍ ഫ്രാന്‍സില്‍ നിന്നു കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മനുഷ്യന്‍ ആവിര്‍ഭവിക്കുന്നതിന് മുമ്പ് ഏകദേശം 970ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഭൂമിയില്‍ ചിത്രശലഭങ്ങളുണ്ടായിരുന്നു എന്നും കണക്കാക്കുന്നു.

പ്രകൃതിയില്‍ വര്‍ണം വിതറുന്ന പൂമ്പാറ്റ കൗതുകങ്ങള്‍
X

അബ്ദുല്‍ സലാം പാറേമ്മല്‍

പൂക്കളില്‍ നിന്നു പൂക്കളിലേക് പറക്കുന്ന വര്‍ണരാജികളാണ് ചിത്രശലഭങ്ങള്‍. പ്രാണിലോകത്തിലെ ഈ സൗന്ദര്യറാണിയെ നമ്മള്‍ പൂമ്പാറ്റകളെന്ന് വിളിക്കുന്നു. വെള്ളനിറമുള്ള വെണ്ണ ശലഭം കൂട്ടത്തോടെ പറന്നുയരുന്നത് കണ്ടിട്ടാവണം വെണ്ണ പറക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ബട്ടര്‍ഫ്‌ളൈ (Butterfly)എന്ന് ഇംഗ്ലീഷില്‍ പേരുവന്നത്. 1973ല്‍ ഫ്രാന്‍സില്‍ നിന്നു കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മനുഷ്യന്‍ ആവിര്‍ഭവിക്കുന്നതിന് മുമ്പ് ഏകദേശം 970ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഭൂമിയില്‍ ചിത്രശലഭങ്ങളുണ്ടായിരുന്നു എന്നും കണക്കാക്കുന്നു.

വലിയ കണ്ണും ചെറിയ കാഴച്ചയുംചിത്രശലഭങ്ങളുടെ ശരീരത്തില്‍ കാണുന്ന വളരെ ചെറിയ രോമങ്ങളാണ് ഇവയുടെ ചിറകുകള്‍ക്കും കാലുകള്‍ക്കും ചലിപ്പിക്കാനുള്ള ശേഷി നല്‍കുന്നത്. വലിയ കണ്ണുകളുണ്ടെങ്കിലും മങ്ങിയ രൂപങ്ങള്‍ മാത്രമേ ശലഭങ്ങള്‍ക്ക് കാണാനാവൂ. എങ്കിലും ചുവപ്പ്, മഞ്ഞ പോലുള്ള നിറങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവ് ചിത്രശലഭങ്ങള്‍ക്കുണ്ട്. പെണ്‍ശലഭത്തേക്കാള്‍ താരതമ്യേന വലിയ കണ്ണുകളുണ്ട് ആണ്‍ശലഭങ്ങള്‍ക്ക്. കൂടാതെ നിറങ്ങള്‍ തിരിച്ചറിയാനും പെണ്‍ശലഭങ്ങളെ കണ്ടെത്താനും മറ്റ് ആണ്‍ശലഭങ്ങളില്‍ നിന്നു ഇണയെ സംരക്ഷിക്കാനും സ്വവര്‍ഗത്തില്‍പെട്ടവരെ തിരിച്ചറിയാനും വലിപ്പമുള്ള കണ്ണ് സഹായിക്കുന്നു.

വലിയ ഗരുഡനും കുഞ്ഞു രന്തനീലിയും

ഗരുഡശലഭമാണ് ഇന്ത്യയില്‍ കാണപ്പെടുന്ന ചിത്രശലഭങ്ങളില്‍ ഏറ്റവും വലുത്. ചെറുതാവട്ടെ രന്തനീലിയും. തേനാണ് ചിത്രശലഭങ്ങളുടെ പ്രധാനഭക്ഷണമെങ്കിലും കറുപ്പന്‍, തവിടന്‍ പോലുള്ള ശലഭങ്ങള്‍ തേന്‍നുകരാതെ പഴച്ചാറുകള്‍ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പഴത്തൊലി, അടക്ക, ചക്ക പോലുള്ളവയില്‍ നിന്നാണ് ഈ ശലഭങ്ങള്‍ പഴച്ചാറുകള്‍ കുടിക്കുന്നത്. തേന്‍ നുകര്‍ന്നാല്‍ വെയില്‍ കായാനും ഇണചേരനുമാണിവര്‍ കൂടുതല്‍ സമയവും ചെലവഴിക്കുക. ഇലകളുടെ മുകളില്‍ ചിറക് വിടര്‍ത്തിയാണ് ഇവരുടെ വെയില്‍ കായല്‍. അന്തരീക്ഷം ഇളംചൂടായാല്‍ പിന്നെ ആണ്‍ശലഭങ്ങള്‍ ഇണയെതേടി പറക്കാന്‍ ആരംഭിക്കും.

നീര്‍ ഉറുമ്പുകള്‍ കാക്കുന്ന മുട്ടകള്‍ഇണചേരലിനു ശേഷം ഔഷധഗുണമുള്ള ചെടികളിലാണ് പൂമ്പാറ്റകള്‍ മുട്ട ഇടാറുള്ളത്. മാതൃസസ്യങ്ങളുടെ തളിരിലകളിലോ മുകുളങ്ങളിലോ ഇവ മുട്ടകള്‍ നിക്ഷേപിക്കുന്നു. സാധാരണയായി പൂമ്പാറ്റകള്‍ ഇലയുടെ അടിവശത്താണ് മുട്ട ഇടാറുള്ളതെങ്കിലും പൊട്ടുവാലാട്ടി പോലുള്ള ശലഭങ്ങള്‍ പയറുചെടിയുടെ തണ്ടില്‍ മുട്ട ഇടാറുണ്ട്. ഈ മുട്ടകള്‍ക്ക് പ്രകൃതിയുടെ കാവലുമുണ്ട്. നീര്‍ ഉറുമ്പ് അല്ലെങ്കില്‍ പുളിയനുറുമ്പുകളാണ് മുട്ടകള്‍ ശത്രുക്കളില്‍ നിന്നു കാത്തുസൂക്ഷിക്കുന്നത്. ശലഭങ്ങള്‍ മുട്ടയിടുന്ന സമയത്തു ഉല്‍പ്പാദിപ്പിക്കുന്ന മധുരമുള്ള ദ്രാവകം അകത്താക്കാനെത്തുന്ന ഉറുമ്പുകളുടെ പ്രത്യുപകാരം കൂടിയാണ് മുട്ട സംരക്ഷണം.

കൂട്ടമായി മുട്ടയിടുന്നവരും തനിച്ചുമുട്ടയിടുന്നവരുമുണ്ട് ശലഭങ്ങളുടെ കൂട്ടത്തില്‍. ഒന്നിനു മുകളില്‍ മറ്റൊന്നായി മാലകള്‍ പോലെ മുട്ടയിടുന്നവയും ഒരുമുട്ടവീതം തളിരിലകളില്‍ ഒട്ടിച്ചുവയ്ക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ചില ശലഭങ്ങള്‍ പക്ഷികളുടെ കാഷ്ട്ടവും ചെളിയുമൊക്കെ ഊറ്റി എടുത്താണ് മുട്ടകള്‍ ഇലകളില്‍ ഒട്ടിച്ചുവയ്ക്കുന്നത്.

ആദ്യം തിന്നുന്നത് സ്വന്തം കവചംരണ്ടുമുതല്‍ ആറുദിവസങ്ങള്‍ കൊണ്ടാണ് സാധാരണയായി മുട്ടകള്‍ വിരിയാറുള്ളത്. വിരിയുന്നതിനു തൊട്ട് മുന്നേയുള്ള ദിവസങ്ങളില്‍ മുട്ടകള്‍ ഇരുണ്ട നിറത്തിലേക്ക് മാറുന്നത് കാണാം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞു പുഴുക്കള്‍ ആദ്യമായി ഭക്ഷിക്കുന്നത് വിരിഞ്ഞിറങ്ങിയ മുട്ടയുടെ തോട് തന്നെയാണ്. പിന്നീടുള്ള സമയം മുഴുവന്‍ തളിരിലകള്‍ ഭക്ഷിക്കുക എന്നതായിരിക്കും അവയുടെ പ്രധാനജോലി. ഇലകള്‍ കത്രിക കൊണ്ടു മുറിച്ചെടുത്ത രീതിയില്‍ ആണ് ലാര്‍വകള്‍ ഭക്ഷിക്കാറുള്ളത്. അതുകൊണ്ട് തന്നെ ശലഭങ്ങളുടെ പുഴുക്കളെയും ചൊറിയന്‍ പുഴുക്കളെയും പെട്ടെന്ന് തിരിച്ചറിയാനാവും. ഇലകളില്‍ തുളകള്‍ വീഴ്ത്തി ലാര്‍വകള്‍ ഇലകള്‍ ഭക്ഷിക്കാറില്ലെന്നത് തന്നെയാണ് അതിന് കാരണം.

പൂര്‍ണ വളര്‍ച്ചയിലെത്തുന്നതോടെ ലാര്‍വകള്‍ ഇലകള്‍ ഭക്ഷിക്കുന്നത് നിര്‍ത്തും. ചില പുഴുക്കള്‍ മാതൃ(മുട്ടയിട്ടിരുന്ന)സസ്യങ്ങളില്‍ നിന്നു മറ്റുള്ള സസ്യങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. അരളി ശലഭം ഇതിനൊരുദാഹരണമാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ലാര്‍വകളുടെ അടുത്തഘട്ടം പ്യൂപ്പയെന്ന അവസ്ഥയാണ്.

പ്യൂപ്പകള്‍ പല വിധംപലവര്‍ണങ്ങളിലും രൂപത്തിലും പ്യൂപ്പകള്‍ കാണാം. സ്വര്‍ണം, വെള്ളി എന്നീ നിറത്തിലുള്ള കമ്മല്‍ പോലുള്ള പ്യൂപ്പകളാണ് അരളി ശലഭത്തിന്റേത്. വയങ്കതന്‍ ശലഭത്തിന്റേതാകട്ടെ ഇളം പച്ചനിറത്തില്‍ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന വരകളും പുള്ളികളും

കൊണ്ട് ഭംഗിയുള്ളതാണ്. ഇളം മഞ്ഞ നിറത്തില്‍ കറുപ്പ് വരകളും പുള്ളികളും നിറഞ്ഞതാണ് വിലാസിനി ശലഭത്തിന്റെ പ്യൂപ്പ. പ്യൂപ്പകള്‍ക്ക് സാധാരണയായി ചലിക്കാന്‍ സാധിക്കില്ല. എന്നാല്‍ തീ ചിറകന്റെ പ്യൂപ്പ സ്വയം ചലിച്ചുകൊണ്ട് ശത്രുക്കളെ അകറ്റാറുണ്ട്. പ്യൂപ്പ അവസ്ഥയിലെത്തിയ ലാര്‍വകള്‍ ഒന്നുരണ്ടാഴ്ചകള്‍ കൊണ്ടാണ് പൂര്‍ണ വളര്‍ച്ചയെത്തി ചിത്രശലഭങ്ങളായി പുറത്തുവരുന്നത്.വെയില്‍ കാഞ്ഞ് ചിറക് വിടര്‍ത്തി ആദ്യ ടേക്കോഫ്

വിരിയുന്നതിനു തൊട്ടുമുന്നേയുള്ള ദിവസങ്ങളില്‍ പ്യൂപ്പ ശ്രദ്ധിച്ചാല്‍ ചിറകുകളും മറ്റും തെളിഞ്ഞുവരുന്നത് കാണാം. സാധാരണയായി പ്രഭാതസമയങ്ങളിലാണ് ചിത്രശലഭങ്ങള്‍ പ്യൂപ്പകളില്‍ നിന്നു പുറത്തുവരുന്നത്. പ്യൂപ്പയുടെ ലോലമായ പാര്‍ശ്വങ്ങള്‍ അടര്‍ത്തി ആദ്യം തലഭാഗമാണ് പുറത്തേക്ക് വരിക. പുറത്തുവരുന്നചിത്രശലഭത്തിന്റെ ചിറകുകള്‍ ചുരുട്ടിക്കൂട്ടപ്പെട്ട രീതിയിലായിരിക്കും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചിറകുകള്‍ വിടരും. ഈ സമയം സൂക്ഷ്മമായി നോക്കിയാല്‍ ചിറകുകളുടെ ഞരമ്പുകളില്‍ രക്തം നിറഞ്ഞു വരുന്നത് കാണാം. ഇത് അതിമനോഹരമായ കാഴ്ചയാണ്. ശീതരക്തമാണ് ചിത്രശലഭങ്ങള്‍ക്ക്. അതിനാല്‍ ഇവയ്ക്ക് പറക്കണമെന്നുണ്ടെങ്കില്‍ വെയില്‍ കൊള്ളുന്നത് അത്യാവശ്യമാണ്. ആറുകാലുകളും നിലത്തൂന്നി നാല് ചിറകുകള്‍ നിവര്‍ത്തി ചിത്രശലഭം തന്റെ ആദ്യ പറക്കലിനു തയ്യാറാകുന്നു.

വരയിലും പുള്ളിയിലും കാര്യമുണ്ട്ചിത്രശലഭങ്ങളില്‍ കാണുന്ന വരകളുടെയും പുള്ളികളുടെയും അടിസ്ഥാനത്തിലാണ് ഏത് ശലഭമാണ് എന്നും ഏത് കുടുംബത്തില്‍ പെട്ടവയാണെന്നും തിരിച്ചറിയുന്നത്. പാല്‍വള്ളി ശലഭം ഒറ്റ നോട്ടത്തില്‍ അരളിശലഭമാണെന്ന് തോന്നുമെങ്കിലും ചിറകുവിടര്‍ത്തിയിരിക്കുമ്പോള്‍ ഉള്‍ച്ചിറകില്‍ കാണുന്ന വരകളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിലാണ് ഇവയെ തിരിച്ചറിയുന്നത്. അരളി ശലഭത്തിന് ഒരു വരയാണെങ്കില്‍ പാല്‍വള്ളി ശലഭത്തിന് വരകള്‍ രണ്ടുവീതമാണ്. അതുപോലെ പിന്‍ചിറകിന്റെ നടുവിലായി കാണുന്ന മൂന്ന് വെള്ളപുള്ളികളുമാണ് ഒരേ കുടുംബത്തില്‍ പെട്ടവരെങ്കിലും ഇവരെ വ്യത്യസ്തമാക്കുന്നത്.

വലിപ്പത്തിലന്‍ മുമ്പന്‍ ഹെര്‍ക്കുലീസ്

ഹെര്‍ക്കുലീസ് ശലഭങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങള്‍. സമീപകാലത്തായാണ് ഇവയെ ശാസ്ത്രലോകം കണ്ടെത്തിയത്. ഇതിന് മുമ്പ് സര്‍പ്പശലഭമായിരുന്നു ഏറ്റവും വലിയ നിശാശലഭം. ചിറകുകളുടെ വിസ്താരത്തിന്റെ അടിസ്ഥാനത്തിലാണ് ശലഭങ്ങളുടെ വലിപ്പം നിര്‍ണ്ണയിക്കുന്നത്.ആഴ്ചകള്‍ മാത്രം ജീവിക്കുന്ന സര്‍പ്പശലഭങ്ങള്‍ക്ക് പത്ത് മുതല്‍ പന്ത്രണ്ട് ഇഞ്ചുവരെയാണ് വിടര്‍ത്തിയ ചിറകുകളുടെ നീളമെങ്കിലും ഇവ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ കഴിച്ച ഭക്ഷണത്തിന്റെ കരുതലുപയോഗിച്ചാണ് ജീവിക്കുന്നത്. ഇരുചിറകുകളിലും പാമ്പിന്റെ തലകള്‍ പോലുള്ള രൂപമുള്ള അറ്റ്‌ലസ് ശലഭങ്ങളുടെ പുഴുക്കള്‍ ഇലകള്‍ വളച്ചു പട്ടുനൂല്‍ കൊണ്ട് നെയ്തു സമാധിയിലിരിക്കുന്നു. പട്ടുനൂലിനു വേണ്ടി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഇവയെ വാണിജ്യടിസ്ഥാനത്തില്‍ വളര്‍ത്താറുണ്ട്.

Next Story

RELATED STORIES

Share it