Nature

ഏലക്ക വില കുത്തനെ ഇടിഞ്ഞു; കൂപ്പുകുത്തിയത് 35 വര്‍ഷം മുമ്പത്തെ വിലയിലേക്ക്

വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും കൂടിയ വിലക്ക് വാങ്ങിയത് വിൽക്കാനാകാതെ കച്ചവടക്കാരും വൻതോതിൽ ഏലം സൂക്ഷിച്ചിട്ടുണ്ട്.

ഏലക്ക വില കുത്തനെ ഇടിഞ്ഞു; കൂപ്പുകുത്തിയത് 35 വര്‍ഷം മുമ്പത്തെ വിലയിലേക്ക്
X

സുഗന്ധ റാണിയായ ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു വർഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നയിടത്ത് 700 ലേക്കാണ് വില കുത്തനെ ഇടിഞ്ഞത്. ഒമിക്രോൺ വകഭേദം ലോകം മുഴുവൻ ഭീതിവിതയ്ക്കുന്ന സാഹചര്യത്തിലാണ് ഏലക്ക വില കുത്തനെയിടഞ്ഞതെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

ഏലക്കയുടെ ശരാശരി ഉൽപ്പാദനച്ചെലവ് കിലോയ്ക്ക് 600-750 രൂപയായതിനാൽ ഈ വില കർഷകരേയും നാണ്യവിള സംഭരിക്കുന്നവരേയും കടത്തിലേക്ക് തള്ളിവിടുമെന്നാണ് ഇവർ പറയുന്നത്. 2020 ജനുവരിയിൽ ഒരു കിലോ ഏലക്കായ്ക്ക് 5000 രൂപക്ക് മുകളിലാണ് കർഷകർക്ക് ലഭിച്ചിരുന്നത്. 2019 ൽ ഒരു ദിവസം ഏലക്ക വില 7000 രൂപ വരെ എത്തി. 2020 നവംബർ മുതലാണ് ഏലത്തിൻറെ വിലയിടിഞ്ഞു തുടങ്ങിയത്.

കൊവിഡിനെ തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാൻ പ്രധാന കാരണം. ഒമിക്രോൺ വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാൻ തുടങ്ങി. 600 മുതൽ 700 രൂപവരെ മാത്രമാണ് കർഷകർക്കിപ്പോൾ കിട്ടുന്നത്. 35 വർഷം മുമ്പത്തെ വിലയിലേക്കാണ് നിലവില്‍ ഏലക്കാ വില കൂപ്പു കുത്തിയിരിക്കുന്നത്.

ഉൽപ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും വില കിട്ടിയാലേ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. വിദേശ രാജ്യങ്ങൾ ഏലം വാങ്ങിത്തുടങ്ങാത്തതാണ് വിലത്തകർച്ചക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ ആഭ്യന്തര കയറ്റുമതി പോലും നിലക്കുന്ന സ്ഥിതിയാകും.

ദീപാവലി സമയത്ത് ഉണ്ടാകുന്നതുപോലുള്ള സീസണൽ വിലക്കയറ്റം ഈ വർഷം ഉണ്ടായിട്ടില്ല, ഈ വിലയിടിവിന്റെ പ്രവണത വരും സീസണിലെ വിപണിയെയും ബാധിച്ചേക്കുമെന്നത് തോട്ടക്കാർക്കും വ്യാപാരികൾക്കും ഇടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്റ്റോക്ക് കുമിഞ്ഞു കൂടിയതിനാൽ കൂടുതൽ സംഭരണം നടത്താൻ കഴിയാത്ത സാഹചര്യമാണ് വ്യാപാരികൾക്കുള്ളത്. ഇതിന്റെ ഭാ​ഗമായി വിപണിയിൽ പണ ലഭ്യതക്കുറവ് അനുഭവപ്പെടുന്നതായി വണ്ടൻമേട്ടിലെ വ്യാപാരികൾ പറഞ്ഞു.

വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും കൂടിയ വിലക്ക് വാങ്ങിയത് വിൽക്കാനാകാതെ കച്ചവടക്കാരും വൻതോതിൽ ഏലം സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ വിപണിയിൽ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതു മൂലം അടുത്ത സമയത്തൊന്നും ഏലത്തിന്റെ വില കൂടാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

കൂടുതൽ വിലയിടിവ് തടയാൻ ലേലത്തിലേക്കെത്തുന്ന ഏലക്കയുടെ വരവ് നിയന്ത്രിക്കാൻ സ്‌പൈസസ് ബോർഡിന്റെ ഇടപെടൽ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്പൈസസ് ബോർഡിൽ നിന്ന് ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു.

Next Story

RELATED STORIES

Share it