Agriculture

രണ്ടാം വര്‍ഷം കായ്ക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പ്ലാവിനം

നട്ട് ഒരു വര്‍ഷത്തിനുശേഷം ചക്കകള്‍ ഉണ്ടാകുന്നതിനാല്‍ 'ഒരു വര്‍ഷ പ്ലാവ്' എന്നും വിയറ്റനാം പ്ലാവിന് പേരുണ്ട്.

രണ്ടാം വര്‍ഷം കായ്ക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പ്ലാവിനം
X

ഇത് വിയറ്റ്‌നാമില്‍ നിന്നുള്ള കുള്ളന്‍പ്ലാവിനം. പ്ലാവ് എന്ന സങ്കല്‍പ്പം തന്നെ മാറ്റിമറിക്കുന്ന ഇനമാണ് ഈ വിദേശി. വലിയ ചെടിച്ചട്ടിയില്‍ പോലും ഇതിനെ വളര്‍ത്താം. നട്ട് രണ്ടാം വര്‍ഷം തന്നെ ചക്ക പിടിച്ചു തുടങ്ങുമെന്നതാണ് ഏറ്റവും വലിയ മേന്മ. വിയറ്റ്‌നാം പ്ലാവിന്റെ ചക്കകള്‍ ചെറുതാണ്. ചുളകള്‍ക്ക് മഞ്ഞനിറം. പഴുപ്പിച്ചും, പാകം ചെയ്തും കഴിക്കാന്‍ ഏറെ രുചികരം. വീടിനോട് ചേര്‍ന്ന് അധികം സ്ഥലമില്ലാത്തവര്‍ക്കും വിയറ്റ്‌നാം പ്ലാവ് വളര്‍ത്താം, വലിയ ചെടിച്ചട്ടിയിലോ, മട്ടുപ്പാവിലെ കൃഷിയിടത്തിലോ ഒക്കെ വളരും. നല്ല പരിചരണമുണ്ടെങ്കില്‍ നട്ട് രണ്ടാം വര്‍ഷം തന്നെ ചക്ക പറിക്കാം. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഏറെ അനുയോജ്യം.

സ്വന്തമായി നട്ട പ്ലാവില്‍ നിന്നും ചക്ക പറിച്ച് തിന്നാന്‍ ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിയറ്റ്‌നാം പ്ലാവിന്‍ തൈ വീട്ടിലെത്തിച്ചാല്‍ മതി. മുറ്റത്ത് നിന്നു തന്നെ ചെടിച്ചട്ടിയിലെ പ്ലാവില്‍ നിന്നും ചക്ക പറിച്ചെടുക്കാം. വിയറ്റ്‌നാം പ്ലാവിന്‍ തൈകള്‍ നടുമ്പോള്‍ അടിവളമായി ജൈവവളമാണ് നല്ലത്. വരണ്ട കാലാവസ്ഥയാണെങ്കില്‍ ചെറിയ തോതില്‍ ജലസേചനവും നടത്താം. നട്ട് ഒരു വര്‍ഷത്തിനുശേഷം ചക്കകള്‍ ഉണ്ടാകുന്നതിനാല്‍ 'ഒരു വര്‍ഷ പ്ലാവ്' എന്നും വിയറ്റനാം പ്ലാവിന് പേരുണ്ട്. ചെറിയ ചെടിയാകുമ്പോള്‍ തന്നെ ചക്ക കായ്ക്കുമ്പോള്‍ ചക്കകളുടെ കനം കാരണം തായ്ത്തടി വളഞ്ഞ് ഒടിയാന്‍ സാധ്യതയുണ്ട്. അതിന് മുളങ്കമ്പുകള്‍ ചുവട്ടില്‍ ഉറപ്പിച്ച് കെട്ടിക്കൊടുക്കണം.

സാധാരണ പ്ലാവുകളില്‍ വൃശ്ചികത്തിലാണ് ചക്ക പിടിച്ചു തുടങ്ങാറ്. ഏപ്രില്‍ മെയ് മാസത്തോടെ പാകമാകും. എന്നാല്‍ വിയറ്റാനാം പ്ലാവില്‍ നമ്മുടെ നാട്ടിലെ ചക്കക്കാലമെല്ലാം കഴിഞ്ഞ ശേഷമാണ് കായ പിടിച്ചു തുടങ്ങുക. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ ചക്ക മൂപ്പെത്തുകയും ചെയ്യും.

അടുക്കളത്തോട്ടത്തിലെ ചെറിയ കൃഷിയിടത്തിന് അനുയോജ്യമാണ് വിയറ്റ്‌നാം പ്ലാവ്. ഇവയുടെ ബഡ്‌തൈകള്‍ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. മറ്റ് പ്ലാവിനങ്ങളെക്കാള്‍ ഇലക്ക് വലുപ്പവും കടും പച്ചനിറവും താരതമ്യേന കൂടിയ കട്ടിയുമാണ് ഈ ഇനത്തിന്റെ തൈകള്‍ തിരിച്ചറിയാനുള്ള പ്രധാന അടയാളം.


Next Story

RELATED STORIES

Share it