Flash News

ഒസാക്കയുടെ സ്വന്തം നവോമി

ഒസാക്കയുടെ സ്വന്തം നവോമി
X

'നവോമി ഒസാക്ക' കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകളില്‍ ഒന്ന് ഇതായിരുന്നു. ജപ്പാന്‍ ദ്വീപായ ഹോന്‍ഷുവിലെ തീരദേശ നഗരങ്ങളില്‍ പ്രധാനപ്പെട്ടതും വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നുമാണ് ഒസാക്ക. ഒസാക്കയിലെ ആധുനിക നഗരവികസന മാതൃക ഏറെ പ്രസിദ്ധവുമാണ്. എന്നാല്‍ ഇന്ന് ഒസാക്ക എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം എത്തുക നവോമി ഒസാക്കയും അവളുടെ കന്നി യുഎസ് ഓപ്പണ്‍ കിരീട വാര്‍ത്തകളുമാണ്.
1997 ഒക്ടോബര്‍ 16ന് ഒസാക്കയിലാണ് നവോമി ജനിച്ചത്. നവോമിക്ക് മൂന്നുവയസ്സുള്ളപ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് കുടുംബം. സഹോദരിയോടൊപ്പം ചെറിയ പ്രായത്തിലേ ടെന്നീസ് പരിശീലനം തുടങ്ങി നവോമി. ഫ്‌ളോറിഡയിലെ പ്രോ വേള്‍ഡ് ടെന്നിസ് അക്കാദമിയാണ് ആദ്യ ഗുരുകുലം. അമേരിക്കന്‍-ജപ്പാന്‍ ഇരട്ട പൗരത്വമുള്ള നവോമിയെ ടെന്നീസ് പരിശീലനം തുടങ്ങിയ നാളുകളില്‍ അച്ഛന്‍ ജപ്പാന്‍ ടെന്നീസ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. പ്രഫഷണല്‍ ടെന്നീസ് രംഗത്തേക്കെത്തുന്നത് 2013ലാണ്. 17ാം വയസ്സില്‍ 2014ല്‍ കാലിഫോര്‍ണിയയില്‍ നടന്ന വെസ്റ്റ് ക്ലാസിക് ആണ് ആദ്യ കന്നിമല്‍സരം.
2015ലെ ലോക ടെന്നീസ് അസോസിയേഷന്‍ ഫൈനലില്‍ കരോലിന്‍ ഗാര്‍ഷ്യയെ തോല്‍പിച്ച് ജനശ്രദ്ധ നേടി. 2016 ആസ്‌ത്രേലിയന്‍ ഗ്രാന്‍സ്ലാമാണ് ആദ്യ ഗ്രാന്‍സ്ലാം മത്സരം. തുടര്‍ന്ന് അതേവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം സ്ഥാനത്തുമെത്തി. 2017 വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പില്‍ വീനസ് വില്യംസിനോട് തോറ്റ് പുറത്തായ നവോമി മുന്‍ റൗണ്ടുകളില്‍ തോല്‍പിച്ചത് വമ്പന്മാരെ. 2017ലെ യുഎസ് ഓപ്പണില്‍ മുന്‍ ലോകചാംപ്യന്‍ ആഞ്ചലീന കെര്‍ബറേയും ടെനീസ ആല്‍ബെര്‍ട്ടോബയേയും തോല്‍പിച്ച് മുന്നേറിയെങ്കിലും ഫൈനലിലെത്താനായില്ല.
എന്നാല്‍ 2018 നവോമിക്ക്് തോല്‍വിയുടേതായിരുന്നില്ല. അന്താരാഷ്ട്ര റാങ്കിങ്ങില്‍ 68ാം സ്ഥാനത്ത് നിന്ന് 17ാം സ്ഥാനത്തേക്കുള്ള യാത്ര കഠിനാധ്വാനത്തിന്റേതായിരുന്നു. വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങി നവോമി ശക്തമായ പ്രതിരോധം തീര്‍ത്ത മത്സരങ്ങളേറെ.
നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തില്‍ സെറീന വില്യംസിനെ തോല്‍പ്പിക്കുക മാത്രമല്ല ജപ്പാന് ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം സമ്മാനിക്കുക കൂടിയായിരുന്നു നവോമി. ആരു ജയിച്ചാലും റെക്കോര്‍ഡ് പിറക്കുമായിരുന്ന മത്സരത്തില്‍ ഇത്തവണ റെക്കോര്‍ഡ് നവോമിക്കായി.
കരിയറിലെ ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ഇതോടെ 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തുക എന്ന സാധ്യതകളും സെറീനയ്ക്കുണ്ടായിരുന്നു. നവോമിക്കാകട്ടെ ആദ്യ ഗ്രാന്‍സ്ലാം കിരീടവും ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയെന്ന ഖ്യാതി കൂടി അവളുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
Next Story

RELATED STORIES

Share it