Health

'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'

എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക
X

21ാം നൂറ്റാണ്ട്, വര്‍ഷം 2022! ലോകം അവിശ്വസനീയമായ വേഗത്തിലാണ് നീങ്ങുന്നത്, കൂടെ നമ്മളും! എല്ലാം മാറിക്കൊണ്ടിരിക്കുകയും അതിവേഗം മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഒരു രാജ്യത്തിന്റെ മാനസികാരോഗ്യക്ഷേമം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിര്‍ണായക ഊന്നല്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുന്നു.

നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയും സമൂഹത്തില്‍ നമ്മുടെ ഉയര്‍ച്ചയുടെ നിലനില്‍പ്പിനായി ചുമത്തപ്പെടുന്ന സമ്മര്‍ദവും നമ്മെ അത്യന്താധികം ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും വലുതോ, മെച്ചപ്പെട്ടതോ, മികച്ചതോ ആയ എന്തെങ്കിലും നമ്മള്‍ തേടിക്കൊണ്ടേയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ നമ്മുടെ ലോകവീക്ഷണത്തെയും ജീവിത കാഴ്ചപ്പാടുകളേയും വളരെയധികം അട്ടിമറിച്ചിരിക്കുന്നു.

കൊവിഡ്- 19 മഹാമാരിയുടെ വിനാശകരമായ ആഘാതം ലോകത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ നമ്മള്‍ പഠിച്ചതും പരിശ്രമിച്ചതും എല്ലാം വ്യത്യസ്തമായ ഒരു വഴിത്തിരിവിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യം മുന്നില്‍കണ്ടു. നമ്മളില്‍ പലരും ജീവിതത്തില്‍ വേഗത കുറയ്ക്കാനും, പരസ്പരം കേള്‍ക്കാനും കരയാനും തുടങ്ങി. അന്ധകാരത്തിന്റെ മറവിയില്‍ നിന്ന് പതിയെ ഉണര്‍ന്ന് സംസാരിക്കാനും ചിന്തിക്കാനും തുടങ്ങി. നമ്മള്‍ ഏറ്റവും നിസ്സഹായരും എന്നാല്‍ ചിലപ്പോഴൊക്കെ പ്രതീക്ഷയുള്ളവരുമായി തുടങ്ങി.

എല്ലാം മാറിത്തുടങ്ങിയതോടൊപ്പം ആഗോളതലത്തില്‍ മാനസികാരോഗ്യനിലയും രോഗങ്ങളും ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. 7 ബില്യണിലധികം ജനസംഖ്യയുള്ള ലോകത്ത്, 10 ഇല്‍ ഒരാള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. വികസ്വര രാജ്യങ്ങളില്‍, 75% ല്‍ അധികം ആളുകള്‍ക്കും ഇപ്പോഴും ഒരു തരത്തിലുമുള്ള മാനസികാരോഗ്യ സേവനങ്ങളും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. കോവിഡ് 19 നുശേഷം ഡിപ്രെഷന്‍, ആങ്‌സൈറ്റി തുടങ്ങിയ രോഗാവസ്ഥ 25% ഇല്‍ കൂടുതല്‍ ഉയര്‍ന്നതായാണ് കണക്കുകള്‍ പറയുന്നത്.

ഇതെല്ലം മുന്‍നിര്‍ത്തിക്കൊണ്ട് ഒരു സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണം ചുമതലപ്പെട്ടിരിക്കുന്നത് ഓരോ വ്യക്തികള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ തലത്തിലുള്ള നയങ്ങളും മാറ്റങ്ങളും മുന്‍നിരയില്‍ വരേണ്ടതാണ്. ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും ചികില്‍സാസൗകര്യങ്ങളും ഉറപ്പുവരുത്തുക, മാനസിക രോഗസാധ്യത കുറയ്ക്കുന്ന പ്രതിരോധ നടപടികള്‍ എടുക്കുക, സാമൂഹിക ഉള്‍പ്പെടുത്തല്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണാ നടപടികള്‍ നല്‍കുക, സ്‌കൂള്‍- കോളജ് തലത്തില്‍തന്നെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക, മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള നടപടികള്‍ എടുക്കുക തുടങ്ങിയവയെല്ലാം അനിവാര്യമാണ്. ഇതിനോടൊപ്പം ലൈഫ്‌സ്പന്‍ ഇന്റര്‍വെന്‍ഷന്‍സ് അഥവാ ജീവിതകാലയളവിലെ ഗര്‍ഭം, ജനനം, കുട്ടിക്കാലം, കൗമാരപ്രായം, പ്രായപൂര്‍ത്തിയായവര്‍, മുതിര്‍ന്നവര്‍ തുടങ്ങി ഓരോ ഘട്ടത്തിലും നല്‍കേണ്ട മാനസിക ശാരീരിക പിന്തുണകള്‍ ഒരു മുതല്‍ക്കൂട്ടായി കണക്കാക്കാവുന്നതാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള കളങ്കവും വിവേചനവും പരിഹരിക്കുക എന്നതും ഒരു സമൂഹം എന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതേണ്ട ഒന്നാണ്.

കൊവിഡ് മഹാമാരി വന്നപ്പോള്‍ ഒറ്റക്കെട്ടായി ആരോഗ്യമേഖല നിലനിന്നത് തികച്ചും പ്രശംസനീയം തന്നെയാണ്. എന്നിരുന്നാലും, ഓരോ രാജ്യവും മാനസികശാരീരികാരോഗ്യ പ്രതിസന്ധികളെ കാര്യക്ഷമമായി അതിജീവിക്കാനോ നേരിടാനോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും അസമത്വതയും ദുര്‍ബലവുമായ അവസ്ഥയെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷത്തെ മാനസികാരോഗ്യദിന പ്രമേയം 'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക' എന്നതാവുന്നു. ഈ ഒരവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ട സന്ദേശം മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഏറ്റവുമധികം മുന്‍തൂക്കം കൊടുക്കേണ്ട ഒന്നാണ് എന്നതാണ്. നിങ്ങളോ നിങ്ങക്കറിയാവുന്ന ആരെങ്കിലും മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അനുയോജ്യമായ മാനസികാരോഗ്യ ചികില്‍സാ സഹായങ്ങളും സേവനങ്ങളും തേടേണ്ടതാണ്. ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തില്‍, നമുക്കെല്ലാവര്‍ക്കും ഒത്തുചേരാം, ശബ്ദം ഉയര്‍ത്താം, ലോകത്തെ സുഖപ്പെടുത്താന്‍ !

ഹസ്‌ന കളരിക്കല്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ ആന്റ് റീഹാബിലിറ്റേഷന്‍ സര്‍വീസസ്, വെള്ളിമാടുകുന്ന് കാലിക്കറ്റ്)


Next Story

RELATED STORIES

Share it