Health

മഞ്ഞുകാല രോഗങ്ങളും പ്രതിരോധവും;നല്‍കാം കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍

മഞ്ഞുകാല രോഗങ്ങളും പ്രതിരോധവും;നല്‍കാം കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍
X

കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഏറ്റവും സാധ്യതയുള്ളത് മഞ്ഞ് കാലത്താണ്.പ്രത്യേകിച്ചും ഇപ്പോഴുള്ള പ്രവചനാതീതമായ കാലാവസ്ഥ രോഗ സാധ്യത വര്‍ദ്ധിപ്പിക്കും.മഴയും മഞ്ഞും വെയിലുമെല്ലാം കൂടിച്ചേര്‍ന്ന കാലാവസ്ഥയിലൂടെയാണ് കുറച്ച് നാളുകളായി നമ്മള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. പെട്ടെന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങള്‍ക്കും കാരണമായേക്കാം.പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍.

ജലദോഷം,ഇന്‍ഫ്‌ലുവന്‍സ, തൊണ്ടപഴുപ്പ്, ആസ്ത്മ, അലര്‍ജി, ചുമ,തുടങ്ങിയവയാണ് പ്രധാനമായും മഞ്ഞുകാലത്ത് കുട്ടികളില്‍ കണ്ട് വരുന്ന അസുഖങ്ങള്‍.കൃത്യമായ പരിചരണത്തിലൂടെയും, ശ്രദ്ധയിലൂടെയും നമ്മുടെ കുഞ്ഞുങ്ങളെ ഈ അസുഖങ്ങള്‍ പിടിപെടാതെ നമുക്ക് സംരക്ഷിക്കാം.ഇവ എങ്ങനെ പിടിപെടുന്നു എന്നും തടയാന്‍ നമുക്ക് എന്തെല്ലാം പ്രതിവിധികള്‍ ഉണ്ടെന്നും നോക്കാം

ജലദോഷം
മഞ്ഞുകാലത്ത് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണിത്. 'റൈനോ വൈറസ്' എന്ന ഒരുതരം വൈറസാണ് ജലദോഷത്തിന് പ്രധാനമായും കാരണമാകുന്നത്. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍.

ഇതിന് ആന്‍്‌റിബയോട്ടിക് ചികിത്സയുടെ ആവശ്യമില്ല. ദിവസത്തില്‍ മൂന്നോ നാലോ തവണ ആവി പിടിക്കുന്നതും ഉപ്പ് വെള്ളം മൂക്കില്‍ ഇറ്റിക്കുന്നതും മൂക്കടപ്പ് മാറി കിട്ടുവാനും ശ്വാസോച്ഛ്വാസം സുഗമമായി നടക്കുവാനും സഹായകമാകും.ഈ സമയത്ത് കുഞ്ഞുങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുന്നതും നല്ലതാണ്.

തൊണ്ടപഴുപ്പ്

തൊണ്ടയെ ബാധിക്കുന്ന വൈറസ് / ബാക്റ്റീരിയ ബാധയാണ് തൊണ്ടപഴുപ്പ്. കഠിനമായ തൊണ്ടവേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ലെകില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി ബയോട്ടിക് മരുന്നുകള്‍ നല്‍കാം.ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ കവിളില്‍ കൊള്ളുന്നത് വേദന കുറയാനും രോഗം ഭേദമാകാനും സഹായിക്കും. ധാരാളം വെള്ളവും കട്ടി കുറഞ്ഞ ഭക്ഷണവും കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുക.

ഇടയ്ക്കിടെ ഉണ്ടാവുന്ന തൊണ്ട പഴുപ്പ് ചിലപ്പോള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ വീക്കമാകാനും സാധ്യത ഉണ്ട്. അത്തരം ഘട്ടങ്ങളില്‍ ഒരു ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ചികിത്സ സ്വീകരിക്കുക.

ഇന്‍ഫ്‌ലുവന്‍സ

തണുപ്പ് കാലത്താണ് ഈ അസുഖം കുട്ടികളില്‍ വളരെയധികം കണ്ട് വരാറുള്ളത്.ഇത് ജലദോഷം പോലെ അത്ര നിസാരമായ അസുഖമല്ല.ആവശ്യമായ സമയത്ത് ഡോക്ടറുടെ സഹായം തേടിയില്ലെന്കില്‍ അസുഖം മൂര്‍ച്ചിക്കുവാന്‍ കാരണമായേക്കാം.

ജലദോഷത്തില്‍ തുടങ്ങി, കഠിനമായ പനി, ശരീര വേദന, ക്ഷീണം, ചര്‍ദ്ദി,തലവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം.രോഗിയോട് അടുത്ത് ഇടപഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവഴിയും രോഗം പകരം.

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചും,സോപ്പുപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകിയും രോഗം പകരുന്നത് ഒരു പരിധി വരെ തടയാം.കുഞ്ഞുങ്ങള്‍ക്ക് ചൂടുള്ള പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കാന്‍ നല്‍കുക.ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഇത് സഹായിക്കും.നന്നായി വേവിച്ച, മൃദുവായ, പോഷക പ്രധാനമായ ഭക്ഷണം ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കാന്‍ നല്‍കുക.

ആസ്ത്മ

തണുപ്പ് കാലാവസ്ഥയില്‍ കുട്ടികളില്‍ ആസ്ത്മ രോഗം വരാനും ലക്ഷണങ്ങള്‍ മൂര്‍ച്ചിയ്ക്കാനും സാധ്യത വളരെ കൂടുതലാണ്.ആസ്ത്മയുള്ള കുട്ടികള്‍ മഞ്ഞുകാലത്ത് കൂടുതല്‍ ശ്രദ്ധിക്കണം. ശ്വാസകോശങ്ങളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുക വഴി ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് തുടങ്ങിയവ ഉണ്ടാവുന്നു.

അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായി സമ്പര്‍ക്കം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.തണുത്ത ഭക്ഷണങ്ങള്‍ നല്‍കുന്നതും, മഞ്ഞുള്ളപ്പോള്‍ പുറത്ത് കളിക്കാന്‍ വിടുന്നതും ഒഴിവാക്കുക.രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.

എക്‌സിമ

തൊലിയിലുണ്ടാകുന്ന അലര്‍ജ്ജിയാണ് എക്‌സിമ.തണുത്ത കാലാവസ്ഥയില്‍ ഈ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യതയുണ്ട്. കുളിച്ചതിന് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമോ, ലോഷനോ കുട്ടികള്‍ക്ക് തേച്ച് കൊടുക്കുന്നത് അലര്‍ജ്ജി നിയന്ത്രിക്കാന്‍ സഹായിക്കും.

വരണ്ട ചര്‍മ്മമുള്ള കുട്ടികള്‍ക്ക് മഞ്ഞ് കാലത്ത്് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.തണുത്ത കാലാവസ്ഥയില്‍ തൊലിപ്പുറം വരളുകയും, ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. തൊലിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ഗുണം ചെയ്യും.

കുട്ടികളുടെ ചര്‍മ്മ സംരക്ഷണത്തിന് തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം സിന്തെറ്റ്‌സ് അല്ലെങ്കില്‍ ക്ലെന്‍സേഴ്‌സ് ഉപയോഗിക്കാവുന്നതാണ്.

കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുന്‍പ് വേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്ശ്ച്വറൈസര്‍ പുരട്ടേണ്ടതാണ്.

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

അല്പം കരുതലുണ്ടായാല്‍ നമ്മുടെ കുഞ്ഞുങ്ങളെ രോഗത്തിന്‍െ്‌റ പിടിയില്‍ പെടാതെ രക്ഷിച്ചെടുക്കാന്‍ നമുക്ക് സാധിക്കും.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അസുഖം പിടിപെടാതെ നോക്കുന്നതല്ലേ.


Next Story

RELATED STORIES

Share it