Health

ഒഫ്താല്‍മിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെ പഠനവുമായി നേത്രരോഗ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം

കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ.അരൂപ് ചക്രബര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ഒഫ്താല്‍മിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെ പഠനവുമായി നേത്രരോഗ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം
X

കൊച്ചി: ഒഫ്താല്‍മിക് ഇമേജിംഗിലും രോഗനിര്‍ണയത്തിലും വളര്‍ന്നുവരുന്ന അതിനൂതന സാങ്കേതികവിദ്യകള്‍ ചര്‍ച്ച ചെയ്യുന്ന നേത്രരോഗ ശസ്ത്രക്രിയാ വിദഗ്ധന്മാരുടെ രാജ്യാന്തര സമ്മേളനം കൊച്ചിയില്‍ നടന്നു.കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ.അരൂപ് ചക്രബര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.നേത്രരോഗങ്ങളും അസാധാരണത്വങ്ങളും നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ക്ക് ചികില്‍സാ ചെലവും അപകട സാധ്യതകളും കുറയ്ക്കുന്നതില്‍ മുഖ്യ പങ്കുണ്ട്. ചികില്‍സാ സാങ്കേതിക വിദ്യകളുടെ പ്രയോജനങ്ങള്‍ സാധാരണക്കാര്‍ക്ക് ഉറപ്പാക്കാന്‍ ആരോഗ്യമേഖല ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഡോ. അരൂപ് ചക്രബര്‍ത്തി പറഞ്ഞു.

ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ ഗിരിധര്‍ മുഖ്യ പ്രഭാഷണം നടത്തി. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ നേത്ര ചികിത്‌സാ രംഗം പുതിയ കാല്‍ വെപ്പുകള്‍ ആരംഭിച്ചു. 1826ല്‍ ഫോട്ടോഗ്രാഫി യാഥാര്‍ത്ഥ്യമായി. പിന്നീടുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ ഒഫ്താല്‍മോസ്‌കോപ്പും, ആദ്യത്തെ റെറ്റിന ഫോട്ടോയും വികസിപ്പിക്കുന്നതിന് വഴിയൊരുക്കി.ഒഫ്താല്‍മിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെ പരിണാമവും വളര്‍ച്ചയും അവിടുന്നാണെന്ന്് ഡോ. എ. ഗിരിധര്‍ പറഞ്ഞു.തല്‍സമയവും, ഉയര്‍ന്ന റെസല്യൂഷനും വൈഡ് ഫീല്‍ഡും കണ്ണിന്റെ 3D ഇമേജുകളും നല്‍കുന്ന ധരിക്കാവുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും നൂതനമായ നോണ്‍ഇന്‍വേസിവ് നേത്ര ഇമേജിംഗ് ഉപകരണങ്ങളുടെ കാലമാണ് ഇന്ന് . ഇത് നേത്രേരോഗങ്ങളുടെ നിര്‍ണ്ണയം ശസ്ത്രക്രിയ ചികിത്സ, സൂഷ്മത കൃത്യത എന്നിവ ഉറപ്പാക്കുന്നുണ്ടെന്ന് ഡോ. എ ഗിരിധര്‍ പറഞ്ഞു.

വിദഗ്ദ്ധര്‍ ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയും അവ ഉപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എസ് ജെ സായികുമാര്‍, ഡോ.എസ് ശശികുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എന്‍ സന്ധ്യ ഉല്‍ഘാടന ചടങ്ങില്‍ സംസാരിച്ചു.കോര്‍ണിയയുടെയും നേത്ര പ്രതലത്തിന്റെയും ഇമേജിംഗ്, ഓര്‍ബിറ്റല്‍ ഇമേജിംഗ്, ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി (OCT) വഴി ഇമേജിംഗ് ഡീകോഡിംഗ്, കോറോയിഡല്‍ ഇമേജിംഗ് എന്നിവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ശാസ്ത്രീയ സെഷനുകള്‍ നടന്നു.ഇമേജിങ്ങ് സാങ്കേതിക വിദ്യയിലെ നിര്‍മ്മിതബുദ്ധി, ഇമേജ് ഗൈഡഡ് ചികില്‍സകള്‍, വൈഡ് ആംഗിള്‍ ഇമേജിംഗിന്റെ പഠനം എന്നിവയില്‍ പ്രത്യേക ശാസ്ത്ര സെഷനുകള്‍ നടന്നു.

ഡോ. കെന്‍ നിശ്ചല്‍, പീറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, പ്രഫ. ശോഭ ശിവപ്രസാദ്, മൂര്‍ഫീല്‍ഡ്‌സ്, യു കെ, ഡോ. കരോള്‍ ച്യൂങ്, ഒക്യുലാര്‍ ഇമേജിംഗ് സ്‌പെഷ്യലിസ്റ്റ്, ചൈനീസ് യൂനിവേഴ്‌സിറ്റി, ഹോങ്കോങ്, ഡോ. ജിമ്മി ച്യൂങ്, നാഷണല്‍ ഐ സെന്റര്‍, സിംഗപ്പൂര്‍ എന്നീ രാജ്യാന്തര ഫാക്കല്‍റ്റികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിലധികം വിദഗ്ധരായ ഫാക്കല്‍റ്റികളും ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, കൊച്ചിന്‍ ഒഫ്താല്‍മിക് ക്ലബ് എന്നിവയുടെ പിന്തുണയോടെ നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it