Health

പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍

പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
X

കോഴിക്കോട്: പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങി. കൊവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യമേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് ഒരുക്കുന്നത്. എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെഎംഎസ്‌സിഎല്‍ ആണ്.

ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി കോഴിക്കോട് നിര്‍വഹിച്ചത്. തിരുവനന്തപുരം സിഎച്ച്‌സി പൂവാര്‍, കൊല്ലം സിഎച്ച്‌സി നെടുങ്കോലം, സിഎച്ച്‌സി നെടുമ്പന, സിഎച്ച്‌സി തെക്കുംഭാഗം, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സിഎച്ച്‌സി പഴഞ്ഞി, സിഎച്ച്‌സി പഴയന്നൂര്‍, മലപ്പുറം സിഎച്ച്‌സി വളവന്നൂര്‍, കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ഗവ. ഡെര്‍മറ്റോളജി ചേവായൂര്‍ എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകളാണ് ഉദ്ഘാടനം ചെയ്തത്.

പ്രീ എന്‍ജിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്‌റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിങ് റൂം, നഴ്‌സസ് സ്‌റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it