Health

കൊവിഡ് മൂന്നാം തരംഗം; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ 'കുരുന്ന്കരുതല്‍'

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മൂന്നാം തരംഗം; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ കുരുന്ന്കരുതല്‍
X

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള 'കുരുന്ന്കരുതല്‍' വിദഗ്ധ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ കോളജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് 'കുരുന്ന്കരുതല്‍'.

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയ്ക്ക് അധികമായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകള്‍, അത്യാവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, എന്നിവ ദ്രുതഗതിയില്‍ ആശുപത്രികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കുട്ടികളുടെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്കരുതല്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ആദ്യഘട്ട പരിശീലനപരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ഈ പരിശീലന പരിപാടിയില്‍ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളില്‍ അവശ്യമായ നൈപുണ്യം നേടിയെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it