Fashion

വീടുകളെ മനോഹരമാക്കുന്ന ഡ്രീം ക്യാച്ചറുകള്‍ക്കു പിന്നിലെ കഥയറിയാമോ...?

വീടുകളെ മനോഹരമാക്കുന്ന ഡ്രീം ക്യാച്ചറുകള്‍ക്കു പിന്നിലെ കഥയറിയാമോ...?
X

സ്വപ്നങ്ങള്‍കണ്ട് ഭയപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഇത്തരം പേടി സ്വപ്‌നങ്ങള്‍ ഇല്ലാതാക്കി നല്ല സ്വപ്‌നങ്ങളെ ആളുകളിലേക്ക് എത്തിക്കുന്ന അമേരിക്കന്‍ ഗോത്ര സമൂഹത്തിന്റെ ഡ്രീം ക്യാച്ചറുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. പറഞ്ഞുവരുന്നത് നമ്മുടെ കേരളത്തിലെ വീടുകളിലും ഈയിടെയായി അലങ്കാരമായി തൂക്കാന്‍ ഉപയോഗിക്കുന്ന ഡ്രീം ക്യാച്ചറുകളെ കുറിച്ചാണ്.

ഡ്രീം ക്യാച്ചര്‍ എന്ന പേര് അമേരിക്കയിലെ ഗോത്ര സമൂഹമായ ഒജിബ്വേ ചിപ്പേവ വിഭാഗങ്ങള്‍ക്കിടയിലാണ് ആദ്യമായി ഉടലെടുക്കുന്നത്. വൃത്താകൃതിയിലുള്ള ചട്ടക്കൂടിനുള്ളില്‍ നൂലുകള്‍ കൊണ്ട് വല പോലെ കെട്ടിയുണ്ടാക്കി തൂവാലകള്‍ കൊണ്ട് അലങ്കരിച്ചതാണ് ഡ്രീം ക്യാച്ചറുകള്‍. നല്ല സ്വപ്നങ്ങളെ ഡ്രീം ക്യാച്ചര്‍ അതിന്റെ അലുക്കുകളിലൂടെ(വൃത്താകൃതിക്കുള്ളിലെ അലങ്കാരമായി മെടയുന്ന വസ്തു) കടത്തിവിടും. അത് ഡ്രീം ക്യാച്ചറിലെ വര്‍ണത്തൂവലുകള്‍ വഴി താഴെ ഉറങ്ങിക്കിടക്കുന്നവരില്‍ എത്തുകയും നല്ല സ്വപ്നങ്ങളെ കടത്തിവിടുകയും ദുസ്വപ്നങ്ങള്‍ അതില്‍ കുരുങ്ങി ക്കിടക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത്തരത്തില്‍ കുരുങ്ങിക്കിടക്കുന്ന ദുസ്വപ്നങ്ങള്‍ പിറ്റേ ദിവസത്തെ ആദ്യത്തെ സൂര്യരശ്മി പതിയുമ്പോള്‍ നശിച്ചുപോവുമെന്നാണ് പരമ്പരാഗത വിശ്വാസം. ഇതിന്റെ പേരിലാണ് അമേരിക്കയിലെ ജനങ്ങള്‍ ഡ്രീം ക്യാച്ചര്‍ ഉപയോഗിക്കുന്നത്.

പരമ്പരാഗത നിര്‍മാണശൈലിയില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ഡ്രീം ക്യാച്ചറുകള്‍ക്ക് വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്. ഹാന്റി ക്രാഫ്റ്റ് എന്ന നിലയില്‍ 1980കളിലാണ് ഡ്രീം ക്യാച്ചറുകള്‍ വിപണി കീഴടക്കാന്‍ തുടങ്ങിയതെങ്കിലും ഡ്രീം ക്യാച്ചെറിനെ വിശ്വാസത്തിന്റെ പുറത്തല്ല ആളുകള്‍ ഇന്ന് സ്വന്തമാകുന്നത്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഗോത്ര വിഭാഗം സൃഷ്ടിച്ച ഈ സ്വപ്ന ക്യാച്ചറുകള്‍ ഇന്ന് വ്യത്യസ്ത വലുപ്പത്തിലും ശൈലിയിലുമാണ് വിപണിയിലെത്തുന്നത്. യഥാര്‍ത്ഥ ഡ്രീം ക്യാച്ചറുകള്‍ പരമ്പരാഗത ശൈലിയില്‍ കൈകൊണ്ട് നിര്‍മിച്ചതും പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നും മാത്രം രൂപകല്‍പ്പന ചെയ്തതുമാണ്. വളയങ്ങള്‍ വളച്ചുകെട്ടിയ ചുവന്ന വില്ലോ ശാഖകൊണ്ടാണ് നിര്‍മിക്കുക. വൃത്താകൃതിയിലുള്ള ചട്ടക്കൂടിനകത്ത് നൂലുകള്‍ കൊണ്ട് വല പോലെ കെട്ടിയുണ്ടാക്കി തൂവലുകള്‍കൊണ്ട് അലങ്കരിക്കുന്നു.

ഡ്രീം കാച്ചറിന്റെ ഉല്‍ഭവത്തെയും ചരിത്രത്തെയും കുറിച്ചുള്ള അമേരിക്കന്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഐതിഹ്യങ്ങള്‍ നിരവധിയാണ്. പക്ഷേ പ്രധാനമായും ഒജിബ്വെ, ലക്കോ രാജ്യങ്ങള്‍ വഴിയാണ് ഡ്രീംകാച്ചറുകളെ കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്. ഒജിബ്വെയുടെ കഥ അനുസരിച്ച്, ഗോത്രത്തിന്റെ ആത്മീയ സംരക്ഷകയായി സ്‌പൈഡര്‍ വുമണ്‍ സേവനമനുഷ്ഠിച്ചിരുന്നു. ഒജിബ്വെ ഗോത്രത്തിലെ ജനത പല ഇടങ്ങളില്‍ കുടിയേറുകയും പല ദിക്കുക്കളില്‍ വളരുകയും ചെയ്തപ്പോള്‍ ഗോത്രത്തിലെ എല്ലാ അംഗങ്ങളെയും സംരക്ഷിക്കുന്നതും നിരീക്ഷിക്കുന്നതും തുടരാന്‍ സ്‌പൈഡര്‍ വുമണിന് ബുദ്ധിമുട്ടായി. ഇതിനാല്‍ അവള്‍ ആദ്യത്തെ ഡ്രീം കാച്ചര്‍ സൃഷ്ടിക്കുകയും അവളുടെ മാതൃക പിന്തുടരാന്‍ അമ്മമാരെയും മുത്തശ്ശിമാരെയും അവരുടെ കുട്ടികളെയും കുടുംബങ്ങളെയും വിദൂരമായി സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ഡ്രീം കാച്ചര്‍ പുനര്‍നിര്‍മിക്കുകയും ചെയ്‌തെന്നാണ് ഐതിഹ്യം. അമേരിക്കന്‍ ഡ്രീംകാച്ചറിന്റെ എല്ലാ ഭാഗങ്ങളും പ്രകൃതി ലോകവുമായി ബന്ധപ്പെട്ടതാണ്. ഡ്രീംകാച്ചറിന്റെ ആകൃതി ഒരു വൃത്തമാണ്, ഇത് ജീവിതവൃത്തത്തെ പ്രതിനിധീകരിക്കുന്നു. വല രാത്രിയിലെ മോശം സ്വപ്നങ്ങളെ പിടിക്കുകയും പകല്‍ വരുമ്പോള്‍ അവ നീക്കം ചെയ്യുകയും ചെയ്യുന്നു. നല്ല സ്വപ്നങ്ങളെ സംബന്ധിച്ചിടത്തോളം, തൂവലുകള്‍ ഒരു മാറാല്‍ തലയിണ പോലുള്ള കോവണി ആയി പ്രവര്‍ത്തിക്കുന്നു. അത് ഉറക്കമില്ലാത്ത വ്യക്തിയുടെ മേല്‍ സുഖമായി ഉറങ്ങാന്‍ അനുവദിക്കുന്നു. ചിലന്തികളെ ഒജിബ്വെ ജനത സംരക്ഷണത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകമായാണ് കരുതുന്നത്. അതിനാലാണ് വൃത്തത്തിനുള്ളില്‍ ചിലന്തിവല പോലെ നെയ്തതെന്നും വിശ്വാസമുണ്ട്.

ഐതിഹ്യങ്ങള്‍ക്കപ്പുറം കുറച്ച് കാലംകൊണ്ട് ഡ്രീം ക്യാച്ചറുകള്‍ ഇന്ത്യയിലും കേരളത്തിലും വിപണി കീഴടക്കി എന്നത് എടുത്തുപറയേണ്ടതാണ്. ഹെഡ്ബാന്‍ഡുകള്‍, കമ്മലുകള്‍ മുതല്‍ കഴുത്ത് പെന്‍ഡന്റുകള്‍, കണങ്കാലുകള്‍, കീ ചെയിനുകള്‍, ബ്രേസ് ലെറ്റുകള്‍, പ്രിയപ്പെട്ട കാര്‍ട്ടൂണ്‍, ഫിലിം കഥാപാത്രങ്ങള്‍ തുടങ്ങിയവയെല്ലാം ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് ഇന്ന് ഡ്രീം ക്യാച്ചര്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. പലരുടെയും സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ഡ്രീം ക്യാച്ചറുകള്‍ പുനര്‍ നിര്‍മിക്കപെടുമ്പോള്‍ പലരുടെയും ജീവനോപാധിയായും മാറുന്നുണ്ട്.




Next Story

RELATED STORIES

Share it