Life Style

ഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം

നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ ചെയ്യാൻ വിമുഖത ഉള്ളവർക്ക് ഇത്തരം കിറ്റുകളിലൂടെ രോ​ഗം തിരിച്ചറിയൽ എളുപ്പമാകുമെന്ന് പഠനം നടത്തിയ പാത്ത് എന്ന എൻജിഒയുടെ വക്താവായ ഡോ.ആശാ ഹെ​ഗ്ഡെ പറയുന്നു.

ഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
X

ന്യൂഡൽഹി: എച്ച്ഐവി ബാധിച്ചോയെന്നത് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക.

സ്വയം പരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം സംഘടിപ്പിച്ചിരുന്നു. ഉയർന്ന നിരക്കിൽ എച്ച്ഐവി ബാധിതരുള്ള പതിനാല് സംസ്ഥാനങ്ങളിലെ അമ്പതു ജില്ലകളിലായാണ് പഠനം സംഘടിപ്പിച്ചത്. 93,500 ഓളം പേർ പഠനത്തിൽ പങ്കാളികളായി. പഠനത്തിൽ പങ്കെടുത്ത 95 ശതമാനത്തോളം പേർക്ക് സ്വയം പരിശോധനാ കിറ്റ് എളുപ്പത്തിൽ ഉപയോ​ഗിക്കുകയും ഫലം കണ്ടെത്തുകയും ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

2021ലാണ് പഠനം ആരംഭിച്ചത്. പഠനത്തിൽ പങ്കെടുത്തവരിൽ 68 ശതമാനത്തോളം പുരുഷന്മാരും 27 ശതമാനത്തോളം സ്ത്രീകളും 5 ശതമാനത്തോളം ട്രാൻസ്ജെൻഡേഴ്സുമായിരുന്നു. ഡിസംബറോടെ പ്രസ്തുത കിറ്റ് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷൻ വ്യക്തമാക്കി.

​ഇത്തരം കിറ്റുകൾ‌ ഫാർമസികളിൽ എളുപ്പത്തിൽ ലഭ്യമാവുകയും ​ഗർഭധാരണ പരിശോധന പോലെ സാധാരണമാവുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ ചെയ്യാൻ വിമുഖത ഉള്ളവർക്ക് ഇത്തരം കിറ്റുകളിലൂടെ രോ​ഗം തിരിച്ചറിയൽ എളുപ്പമാകുമെന്ന് പഠനം നടത്തിയ പാത്ത് എന്ന എൻജിഒയുടെ വക്താവായ ഡോ.ആശാ ഹെ​ഗ്ഡെ പറയുന്നു.

Next Story

RELATED STORIES

Share it