Latest News

പരീക്ഷ മൂല്യനിർണയത്തിൽ പിഴവ്; വിദ്യാർഥിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പരീക്ഷ മൂല്യനിർണയത്തിൽ പിഴവ്; വിദ്യാർഥിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
X

ശ്രീനഗര്‍: ബിരുദ പരീക്ഷ മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തിയെന്ന പരാതിയില്‍ വിദ്യാര്‍ഥിക്ക് കശ്മീര്‍ സര്‍വകലാശാല ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമ്മു കശ്മീര്‍ ഹൈകോടതി. 2017-18 വര്‍ഷം അഞ്ചാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിയമവിരുദ്ധമായും ഏകപക്ഷീയമായും തീരുമാനമെടുത്ത് വിദ്യാര്‍ഥിയെ പരാജയപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടത്. പരാതിക്കാരനായ വിദ്യാര്‍ഥിക്ക് ജനറല്‍ ഇംഗ്ലീഷ് പേപ്പറില്‍ 27 മാര്‍ക്കാണ് ലഭിച്ചത്. വിജയിക്കാന്‍ ആവശ്യമായ 38 മാര്‍ക്ക് കിട്ടാത്തതിനാല്‍ പരാജയപ്പെട്ടതായി വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഉത്തരക്കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോള്‍ ഒരു ചോദ്യം മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ 40 മാര്‍ക്ക് ലഭിച്ചു. എന്നാല്‍, പുനര്‍മൂല്യനിര്‍ണയ ചട്ടപ്രകാരം ഇത്ര മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 34 ആയി കുറച്ചു. ഇതോടെ വീണ്ടും പരാജയപ്പെട്ടു.

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട 10ാം ചട്ടം അനുസരിച്ചാണ് 40 മാര്‍ക്ക് 34 ആയിക്കുറച്ചതെന്ന് സര്‍വകലാശാല അറിയിച്ചു. എന്നാല്‍, ഹരജിക്കാരന്റെ കാര്യത്തില്‍ ഈ ചട്ടം ഒരു തരത്തിലും ബാധകമല്ലെന്നും സര്‍വകലാശാല ഏകപക്ഷീയമായും നിയമവിരുദ്ധമായുമാണ് ചട്ടം പ്രയോഗിച്ചതെന്നും ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ വാനി അഭിപ്രായപ്പെട്ടു. ഇതുമൂലം വിദ്യാര്‍ഥി പരീക്ഷക്ക് വീണ്ടും ഹാജരാകാന്‍ നിര്‍ബന്ധിതനായെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it