Latest News

ബിജെപി ഭരണത്തില്‍ സ്ത്രീകളും കുട്ടികളും അരക്ഷിതര്‍: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

ബിജെപി ഭരണത്തില്‍ സ്ത്രീകളും കുട്ടികളും അരക്ഷിതര്‍: നാഷണല്‍ വിമന്‍സ് ഫ്രണ്ട്
X

കോഴിക്കോട്: ബിജെപി ഭരണത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമാവുന്നുവെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് പി എം ജസീല പറഞ്ഞു.

2014ല്‍ 'അച്ഛേ ദിന്‍ ആനെ വാലെ ഹേം' എന്ന് വിളിച്ചുകൂവി അധികാരമേറ്റ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷമാക്കുമ്പോള്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്ത്രീവിരുദ്ധത ഒഴിവാക്കി സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെയേ യഥാര്‍ത്ഥ വികസനം സാധ്യമാവൂ എന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രാജ്യം പിന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഓരോ ദിവസവും 86 ബലാല്‍സംഗങ്ങള്‍ നടക്കുന്നു എന്നാണ് നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,677 ബലാല്‍സംഗ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരെ 428,278 അതിക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം റിപോര്‍ട്ട് ചെയ്തത്. ഓരോ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരെ 48 ആക്രമണങ്ങള്‍ നടക്കുവെന്നര്‍ത്ഥം. പോലിസിലും മറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണ് എന്‍സിആര്‍ബി റിപോര്‍ട്ട് ചെയ്യുന്നത്.

ഭയം മൂലം പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്തവരുടെ കണക്കുകള്‍ പുറത്ത് വരുന്നില്ല. ജാതിപീഡനങ്ങള്‍ക്കും കൂടുതല്‍ ഇരയാകേണ്ടി വരുന്നതും സ്ത്രീകളും കുട്ടികളുമാണ്. റാഞ്ചിയില്‍ ദലിത് യുവതിയെ മൂത്രം കുടിപ്പിക്കുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത് ജാര്‍ഖണ്ഡിലെ ബിജെപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ സീമ പാത്രയാണ്. മനുഷ്യത്വവിരുദ്ധ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയിലധിഷ്ഠിതമായ പ്രാകൃതാവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്.

കുട്ടികള്‍ക്കെതിരെ 2021ല്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1,49,404 ചെയ്ത കേസുകളാണ്. അതില്‍ 53,874 ഉം പോക്‌സോ കേസുകളാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളേറെയും നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

സ്ത്രീപീഡന കേസുകളിലും കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളിലും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം ഭരണകൂടം കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ബില്‍ക്കീസ് ബാനു ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെപ്പോലും ജയില്‍ നിന്ന് തുറന്നുവിടുന്നു.

മോദിയുടെ വാചാടോപങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതും സ്ത്രീസമൂഹത്തെ വഞ്ചിക്കുന്നതുമാണെന്ന് പി എം ജസീല ആരോപിച്ചു.

Next Story

RELATED STORIES

Share it