Latest News

മന്ത്രവാദ ആരോപണം; യുവതിയെ അയല്‍വാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മന്ത്രവാദ ആരോപണം; യുവതിയെ അയല്‍വാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
X

പട്‌ന: അന്ധവിശ്വാസവും കിംവദന്തികളും വീണ്ടും ജീവനെടുക്കുകയാണ്. ബിഹാറില്‍ യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിരണ്‍ ദേവി (35) എന്ന യുവതിയെ മന്ത്രവാദം ചെയ്യുന്നതായി ആരോപിച്ചാണ് കൊാലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ ബന്ധുവായ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവാഡ ജില്ലയിലെ രാജൗലി പ്രദേശത്താണ് സംഭവം.

കിരണ്‍ ദേവി മന്ത്രവാദം നടത്തുന്നതായി ആരോപിച്ചായിരുന്നു ആക്രമണം. തങ്ങളുടെ കുട്ടിക്ക് അസുഖം ബാധിച്ചതിന് കാരണം കിരണ്‍ ദേവിയാണെന്നായിരുന്നു അയല്‍വാസികളുടെ ആരോപണം. മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവരാണ് ഇഷ്ടിക, കല്ല്, ഇരുമ്പുദണ്ഡുകള്‍ എന്നിവ ഉപയോഗിച്ച് കിരണ്‍ ദേവിയെ ക്രൂരമായി മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുകേഷ് ചൗധരിയുടെ കുട്ടിക്ക് നേരത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പരിശോധനയില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും, കുട്ടിയുടെ രോഗത്തിന് കാരണം കിരണ്‍ ദേവിയാണെന്നും അവര്‍ ദുര്‍മന്ത്രവാദിയാണെന്നും അയല്‍വാസികള്‍ നിരന്തരം ആരോപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

ഇന്നലെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് കിരണ്‍ ദേവിയെയും വീട്ടിലുണ്ടായിരുന്ന മറ്റു ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കിരണ്‍ ദേവിയുടെ ഇളയ സഹോദരന്റെ ഭാര്യ ലളിത ദേവിക്കും മൂത്ത സഹോദരന്റെ ഭാര്യക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ആദ്യം ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം അമിത രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴിമധ്യേ കിരണ്‍ ദേവി മരണപ്പെട്ടു.

കിരണ്‍ ദേവിക്ക് രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്. സംഭവത്തില്‍ ഗ്രാമത്തിലെ രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും അത് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it