Latest News

ഐഎസ്‌ഐയുമായി സംസാരിക്കും, പക്ഷേ, പ്രതിപക്ഷവുമായി സാധ്യമല്ല; കേന്ദ്ര സര്‍ക്കാരിനെതിരേ പ്രിയങ്കാ ഗാന്ധി

ഐഎസ്‌ഐയുമായി സംസാരിക്കും, പക്ഷേ, പ്രതിപക്ഷവുമായി സാധ്യമല്ല; കേന്ദ്ര സര്‍ക്കാരിനെതിരേ പ്രിയങ്കാ ഗാന്ധി
X

ന്യൂഡല്‍ഹി: പ്രതിപക്ഷവുമായി ആശയസംവാദത്തിനു തയ്യാറല്ലാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര.

കേന്ദ്ര സര്‍ക്കാര്‍ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐയുമായി സംസാരിക്കാന്‍ തയ്യാറാണെങ്കിലും പ്രതിപക്ഷനേതാക്കളുമായി സംസാരിക്കാന്‍ തയ്യാറല്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ആശയ വിനിമയത്തിനു തയ്യാറാല്ലാത്ത കേന്ദ്ര നയത്തിനെതിരേയാണ് പ്രിയങ്ക രംഗത്തുവന്നിരിക്കുന്നത്.

ഈ സര്‍ക്കാര്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സുമായി സംസാരിക്കും. അവര്‍ ഐഎസ്‌ഐയുമായി ദുബയില്‍ വച്ച് സംസാരിച്ചു. എന്തുകൊണ്ട് പ്രതിപക്ഷനേതാക്കളുമായി സംസാരിച്ചുകൂടാ? പോസിറ്റീവും നിര്‍മാണാത്മകവുമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കാത്ത ഒരു നേതാവുപോലും പ്രതിപക്ഷത്തില്ലെന്നാണ് ഞാന്‍ കരുതുന്നത്- പ്രിയങ്ക എഎന്‍ഐയുമായ നടത്തിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രധാനമന്ത്രി തന്റെ പിആര്‍ പ്രദര്‍ശനങ്ങള്‍ നിര്‍ത്തി പ്രതിപക്ഷമായും ജനങ്ങളുമായും സംവദിക്കാന്‍ തയ്യാറാവണമെന്നും പ്രിയങ്ക പറഞ്ഞു.

മന്‍മോഹന്‍സിങ് പത്ത് വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. എത്ര ബഹുമാന്യനായ വ്യക്തിയാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കപ്പെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

വാക്‌സിന്‍ നല്‍കുന്ന എണ്ണത്തിലല്ല എത്ര ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നതില്‍ ശ്രദ്ധപതിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയോട് കത്തുവഴി നിര്‍ദേശിച്ചിരുന്നു. തന്റെ സഹായവും മന്‍മനോഹന്‍ സിങ് പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.

ജനങ്ങള്‍ മരിച്ചുവീഴുകയാണ്. ഇത് മനുഷ്യജീവന്റെ പ്രശ്‌നമാണ്. ഇതിനിടയിലും ബിജെപി ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it