Latest News

നജീബ് എവിടെ? ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തിന് 4 വയസ്സ്!

നജീബ് എവിടെ? ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തിന് 4 വയസ്സ്!
X

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അപ്രത്യക്ഷനായിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി. 2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്. രാജ്യത്തെ മൂന്ന് ഏജന്‍സികള്‍ ഇതിനകം നജീബിന്റെ തിരോധാനം അന്വേഷിച്ചു. ആദ്യം ഡല്‍ഹി പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ഒടുവില്‍ സിബിഐയ്ക്കും കൈമാറി. ഈ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐയുടെ കേസ് തീര്‍പ്പാക്കല്‍ റിപോര്‍ട്ടിനെ ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹരജിയില്‍ മെയ് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് നജീബ് തിരോധാന കേസിലെ അവസാന കോടതി ഇടപെടല്‍.

നജീബിനെ കണ്ടെത്താനായില്ലെന്നും നജീബ് സ്വന്തം ഇഷ്ടപ്രകാരം ഒളിവില്‍ പോയിരിക്കുകയാണെന്നുമുള്ള സിബിഐ റിപോര്‍ട്ട് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്നാണ് നജീബിന്റെ ഉമ്മ ആരോപിച്ചത്. അഭിഭാഷകനായ ഹാര്‍ഷ് ബോറ വഴി സമര്‍പ്പിച്ച ഹരജിയില്‍ ഏജന്‍സിയോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്നും ഫാത്തിമ അപേക്ഷിച്ചു. മെയ് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.

2018 ഒക്ടോബര്‍ 8നാണ് ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് കേസ് അവസാനിപ്പിച്ച് റിപോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കിയത്. അതിന്റെ ഭാഗമായി 2018 ഒക്ടോബര്‍ 15ന് സിബിഐ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘമെന്ന നജീബിന്റെ ഉമ്മയുടെ ആവശ്യം കോടതി തളളി.

ജെഎന്‍യുവില്‍ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദ് ജെഎന്‍യുവിലെ മഹി മാന്ദ്‌വി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വരാനിരിക്കുന്ന ഹോസ്റ്റല്‍ തിരഞ്ഞെടുപ്പിന് വോട്ട് തേടി 2016 ഒക്ടോബര്‍ 14 അര്‍ദ്ധരാത്രി നജീബും കാസിമും താമസിക്കുന്ന ഹോസ്റ്റലിലെ 106 ാം മുറിയിലേക്ക് ഒരു സംഘം എബിവിപി വിദ്യാര്‍ത്ഥികള്‍ കയറി വന്നു. അവിടെ വിദ്യാര്‍ത്ഥികളും നജീബും തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെങ്കിലും കയറിവന്നവര്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇക്കാര്യം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും പോലിസിനു നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അന്നു രാത്രി തന്നെ സഹപാഠികള്‍ നജീബിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി മരുന്ന് നല്‍കി. താമസിയാതെ ഹോസ്റ്റലില്‍ തിരിച്ചെത്തി. കാസിമാണ് നജീബിനെ ആശുപത്രിയിലും മുറിയിലും ശുശ്രൂഷിച്ചത്. അന്ന് രാത്രി നജീബ് ഉമ്മയോട് സംസാരിച്ചിരുന്നു. പിറ്റേന്ന് ഫോണ്‍ എടുക്കാതെ നജീബ് മുറിക്കു പുറത്തുപോയി. പിന്നീട് നജീബിനെ ആരും കണ്ടിട്ടില്ല. ഇത്രയുമാണ് അറിയാവുന്ന കാര്യങ്ങള്‍.

രാത്രിയില്‍ മര്‍ദ്ദനം നടന്ന കാര്യം ജെഎന്‍യുവിലെ ചീഫ് പ്രോക്ടറും ശരിവയ്ക്കുന്നുണ്ട്. അതിനെതിരേ കേസെടുക്കണമെന്ന് വൈസ് ചാന്‍സലറോട് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പരാതി നല്‍കാന്‍ വൈസ് ചാന്‍സ്‌ലര്‍ തയ്യാറായില്ല. മാസങ്ങള്‍ക്കു ശേഷം ചീഫ് പ്രോക്ടര്‍ എ പി ദിമ്രി തല്‍സ്ഥാനം സ്ഥാനം രാജിവച്ചു. വൈസ് ചാന്‍സ്‌ലര്‍ ജഗദീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു രാജിയെന്ന് പിന്നീട് വ്യക്തമായി.

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജെഎന്‍യു സര്‍വകലാശാലയുടെ നടപടികള്‍ പ്രതിചേര്‍ക്കപ്പെട്ടവരെ സംരക്ഷിക്കുന്നതായിരുന്നു. നജീബ് സര്‍വകലാശാലക്കെതിരേ കുട്ടികളെ ഇളക്കിവിടുന്നതായി ആരോപിച്ചുകൊണ്ട് ഒരു സര്‍ക്കുലര്‍ സര്‍വകലാശാല പുറത്തിറക്കിയിരുന്നു. നജീബുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പില്‍ തലേനാള്‍ രാത്രിയില്‍ ഹോസ്റ്റലില്‍ വച്ച് നജീബ് നേരിടേണ്ടവന്ന ആക്രമണത്തെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും പ്രതിഷേധവുമായി രംഗത്തുവന്നു.

നജീബ് പഠിക്കുന്ന കാലത്ത് ജെഎന്‍യു യൂണിയന്റെ ഭാരവാഹിയായിരുന്ന മൊഹിത് പാണ്ഡെ നജീബിനെ മര്‍ദ്ദിച്ച 9 എബിവിപി വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ ഒമ്പതു പേരെയും പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ പേരില്‍ ഇവര്‍ നജീബിനെതിരേ വധഭീഷണി മുഴക്കിയിരുന്നെന്ന് പാണ്ഡെ പറയുന്നു. 9 പേര്‍ക്കും നജീബിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്നുള്ള നജീബിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ആദ്യം സര്‍ക്കാരിനെയും പിന്നീട് കോടതിയെയും സമീപിച്ചു. 2016 നവംബര്‍ 25ാം തിയ്യതി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്് ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. മകന്റെ തിരോധാനം വേണ്ട വിധത്തില്‍ അന്വേഷിക്കുന്നതില്‍ ഡല്‍ഹി പോലിസ് പരാജയപ്പെട്ടുവെന്ന് ഉമ്മ കോടതിയില്‍ ബോധിപ്പിച്ചു.

നഫീസയുടെ പരാതിയില്‍ ഡല്‍ഹി പോലിസ് 2016 ഒക്ടോബര്‍ 15ന് കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും സിബിഐയും രംഗത്തുവരുന്നത്.

25 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നജീബ് യാത്ര ചെയ്ത റിക്ഷയുടെ ഒരു ഫൂട്ടേജ് പോലിസ് കോടതിയിലെത്തിച്ചു. ഇതിനിടയില്‍ കേസില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. ഹൈക്കോടതി പല ഘട്ടത്തിലും ഇടപെട്ടു. പോലിസിനെ ശാസിച്ചു. ഇതിനിടയില്‍ അന്വേഷണത്തിന്റെ ഭാഗമായി നജീബിന്റെ വീട്ടില്‍ വരെ പോലിസ് അസമയത്ത് റെയ്ഡ് നടത്തി.

2017 മെയ് 16ന് കേസ് സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശം. അതേ വര്‍ഷം ഒക്ടോബറില്‍ തന്നെ സിബിഐയ്‌ക്കെതിരേയും കോടതി വിമര്‍ശനമഴിച്ചുവിട്ടു.

ഡല്‍ഹി പോലിസ് ഒരു റിക്ഷാക്കാരനെ തെറ്റായ സാക്ഷിയായി അവതരിപ്പിച്ചുവെന്ന് വിചാരണക്കോടതിയില്‍ സിബിഐ റിപോര്‍ട്ട് നല്‍കി. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് ഒളിവില്‍ പോയതെന്ന തങ്ങളുടെ നിഗമനം സാധൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കള്ള സാക്ഷിയെന്നും സിബിഐ ആരോപിച്ചു. ഒപ്പം നജീബിന് ചില മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ആരോപിക്കുന്ന ചില മെഡിക്കല്‍ രേഖകളും പഴയ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. തിരോധാനവുമായി ഇതിനെ ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അതും സിബിഐ തള്ളി.

അതിനിടയില്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ട ഒമ്പത് എബിവിപി പ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും സിബിഐ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക്് വിധേയമാക്കിയിരുന്നു. ആകെ 122 ജിഗാബൈറ്റ് ഡാറ്റയാണ് പരിശോധിച്ചതെന്നാണ് ചണ്ഡീഗഢിലെ ഫോറന്‍സിക് ലാബ് നല്‍കിയ വിവരം. എന്തായാലും മൊബൈലില്‍ നിന്ന് വേണ്ട വിവരങ്ങളൊന്നും ലഭിച്ചില്ല. 2017 ജൂണ്‍ 29ന് സിബിഐ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.

2018 മാര്‍ച്ചില്‍ ടൈംസ് നൗ, ടൈംസ് ഓഫ് ഇന്ത്യ, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ നജീബ് ഐസ്സില്‍ ചേര്‍ന്നെന്ന ആരോപണവുമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഇതിനെതിരേ ഫാത്തിമ വക്കീല്‍ നോട്ടിസ് അയച്ചു.

കേസവസാനിപ്പിച്ചുകൊണ്ടുള്ള സിബിഐ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് അവസാനം ഫാത്തിമ കോടതിയെ സമീപിച്ചത്. നജീബിനെ അവസനാമായി തന്റെ സുഹൃത്തിനോടൊപ്പമാണ് കണ്ടതെന്നാണ് സിബിഐ റിപോര്‍ട്ട് ചെയ്തത്. നജീബ് സ്വമേധയാ ഒളിവില്‍ പോയതാണെന്ന ഡല്‍ഹി പോലിസിന്റ പഴയ വാദം ഇത്തവണ സിബിഐയും ആവര്‍ത്തിച്ചു. ഇതിനെതിരേയാണ് ഇപ്പോള്‍ നജീബിന്റെ ഉമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. മകന്‍ നഷ്ടപ്പെട്ട് നാല് വര്‍ഷം കഴിയുമ്പോള്‍ ഫാത്തിമ വിശ്വസിക്കുന്നത് തന്റെ മകന്‍ ലോകത്തിന്റെ ഏതോ കോണില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ്.



Next Story

RELATED STORIES

Share it