Latest News

സ്വകാര്യതാ നയം നടപ്പാക്കുന്നത് സ്വമേധയാ നിര്‍ത്തിവച്ചു; വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍

സ്വകാര്യതാ നയം നടപ്പാക്കുന്നത് സ്വമേധയാ നിര്‍ത്തിവച്ചു; വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: തങ്ങള്‍ പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്ന സ്വകാര്യതാ നയം സ്വമേധയാ മരവിപ്പിച്ചിരിക്കുകയാണെന്ന് വാട്‌സ്ആപ്പ് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് സേവനം നിഷേധിക്കില്ലെന്നും കമ്പനി അറിയിച്ചു.

കോമ്പറ്റീഷന്‍ കമ്മീഷന്‍ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്ത് പ്രഖ്യാപിച്ച അന്വേഷണത്തിനെതിരേ വാട്‌സ് ആപ്പും ഫേസ്ബുക്കും കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഡല്‍ഹി ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് ഹരജി തള്ളി. അതിനെതിരേ രണ്ട് കമ്പനികളും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജ്യോതി സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

' സ്വകാര്യതാ നയം നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ സ്വമേധയാ തീരുമാനിച്ചിരിക്കുകയാണ്. നയം സ്വീകരിക്കാന്‍ ഞങ്ങള്‍ ആളുകളെ നിര്‍ബന്ധിക്കുകയില്ല'- വാട്‌സ്ആപ്പിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വര്‍ഷം ജനുവരിയിലാണ് വാട്‌സ്ആപ്പ് അവരുടെ സ്വകാര്യതാ നയം പരിഷ്‌കരിച്ചത്. വാട്‌സ്ആപ്പിന്റെ ഉപഭോക്താക്കള്‍ പരസ്പരം അയക്കുന്ന ബിസിനസ്സ് സന്ദേശങ്ങളുടെ ഡാറ്റ അവരുടെ മാതൃകമ്പനിയായ ഫേസ് ബുക്കുമായി പങ്കുവയ്ക്കാനുള്ള സമ്മത പത്രത്തില്‍ ഉപഭോക്താക്കളോട് ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റത്തിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധമാണ് രൂപം കൊണ്ടത്. സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാത്തവര്‍ക്ക് സേവനം നിര്‍ത്തിവയ്ക്കാനും വാട്‌സ്ആപ്പ് തീരുമാനിച്ചിരുന്നു. ആദ്യം വിമര്‍ശനമുയര്‍ന്നപ്പോള്‍ പരിഷ്‌കാരം നടപ്പാക്കുന്നതില്‍ നിന്ന് വാട്‌സ്ആപ്പ് പിന്നോട്ടുപോയെങ്കിലും പിന്നീട് ഫെബ്രുവരിയോടെ തീരുമാനം മാറ്റി. നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരും വാട്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതും പങ്കുവയ്ക്കുന്നതും 2011ലെ ഡാറ്റയുമായി ബന്ധപ്പെട്ട നിയമത്തിന് എതിരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it