Latest News

''ആ കൊറിയന്‍ സുഹൃത്ത് കബളിപ്പിക്കലോ ?'' ആദിത്യയുടെ ഫോണ്‍ പരിശോധിക്കും

ആ കൊറിയന്‍ സുഹൃത്ത് കബളിപ്പിക്കലോ ? ആദിത്യയുടെ ഫോണ്‍ പരിശോധിക്കും
X

കൊച്ചി: പാറക്കുളത്തില്‍ മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ ബന്ധപ്പെട്ടിരുന്നത് ആരെന്ന് കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ (16) ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചതാണോ എന്ന സംശയം പോലിസിനുണ്ട്. ആദിത്യയുടെ ഫോണ്‍ തുറന്നു പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് ചോറ്റാനിക്കര പോലിസ് പറയുന്നത്.

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദിത്യ. ചൊവ്വാഴ്ച രാവിലെ 7.45ന് ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും അടക്കമുള്ളവ കരയില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയന്‍ വംശജന്‍ ഈ മാസം 19ന് അപകടത്തില്‍ മരിച്ചെന്നും ഈ വിഷമം സഹിക്കാന്‍ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്. ആദിത്യ മുങ്ങിമരിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. മറ്റെന്തെങ്കിലും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പോലിസ് അന്വേഷിക്കുന്നുണ്ട്.

കിണര്‍ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. കൊറിയന്‍ സുഹൃത്തിന്റേത് എന്ന പേരില്‍ വാച്ച് അടക്കമുള്ള ചില സമ്മാനങ്ങള്‍ ആദിത്യക്ക് ലഭിച്ചിരുന്നതായും വിവരമുണ്ട്.

Next Story

RELATED STORIES

Share it