Latest News

വിജയ് ബാബുവിനെതിരായ പീഡന പരാതി;ഇരയ്‌ക്കൊപ്പമെന്ന് ഡബ്ല്യുസിസി

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

വിജയ് ബാബുവിനെതിരായ പീഡന പരാതി;ഇരയ്‌ക്കൊപ്പമെന്ന് ഡബ്ല്യുസിസി
X

കൊച്ചി: നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ യുവനടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി എടുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണമാണ് ഇപ്പോള്‍ പരസ്യമാകുന്നതെന്നും കമ്മിറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യുസിസി പറഞ്ഞു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസി പ്രതികരണം അറിയിച്ചത്.

ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.'

Next Story

RELATED STORIES

Share it