Latest News

മുസ്‌ലിം ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി; എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന് പരിക്ക്

മുസ്‌ലിം ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി; എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന് പരിക്ക്
X

കല്‍പ്പറ്റ: വയനാട് ജില്ലാ മുസ്‌ലിം ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി. സംഘര്‍ഷത്തിനിടെ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിന് പരിക്കേറ്റു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചക്ക് മൂന്നോടെയാണ് സംഭവം.

മുസ്‌ലിം ലീഗിന്റെ ജില്ലാ കമ്മിറ്റികളില്‍ ചിലര്‍ക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിലുള്ള വൈരാഗ്യമാണ് തന്നെ അക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് ഷൈജല്‍ ആരോപിച്ചു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ വിഷയത്തില്‍ ഇടപ്പെട്ടിരുന്നില്ല. എന്നാല്‍ ചില നേതാക്കള്‍ തനിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും തന്നെ സംഘടന പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതിന്റെ തുടര്‍ സംഭവമാണ് ലീഗ് ഓഫിസില്‍ വച്ച് തനിക്കെതിരെ ഉണ്ടായ അക്രമമെന്നും ഷൈജല്‍ ആരോപിച്ചു.

അതേസമയം മുട്ടില്‍ കോളജില്‍ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചതെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു. മുട്ടില്‍ കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ചുവരെഴുത്തുകളും പോസ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച് സംഭവവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോളജിലെത്തി അവിടെ നിന്നും സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടയില്‍ പി.പി ഷൈജലും സ്ഥലത്തെത്തുകയും വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ സക്കീറുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നാലെ കല്‍പ്പറ്റ ലീഗ് ഓഫിസിലെത്തിയ സക്കീറിനെ അപ്രതീക്ഷിതമായി ഷൈജല്‍ മുഖത്തടിക്കുകയുമായിരുന്നെന്ന് യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.

തുടര്‍ന്ന് ബഹളം വെച്ച ഷൈജലിനെ ഇതോടെ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇവിടെ നിന്നും പറഞ്ഞയച്ചു. ഇതാണ് സംഭവിച്ചത്. അല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യഹിയാഖാന്‍ പറഞ്ഞു. പിന്നാലെ നടന്ന മുസ് ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പി.പി ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ഐക്യകണ്്‌ഠേന തീരുമാനിച്ചെന്നും കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് റാസഖ് കല്‍പ്പറ്റയും, യഹിയാന്‍ തലക്കലും പറഞ്ഞു.

Next Story

RELATED STORIES

Share it