Latest News

വാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്

വനത്തിനകത്തെ തിരച്ചില്‍ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു

വാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്
X

പാലക്കാട്:അട്ടപ്പാടി സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താന്‍ പോലിസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്.തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. കാട്ടുവഴികള്‍ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.

മേയ് മൂന്നിനാണ് രാജനെ കാണാതായത്.രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയില്‍ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടില്‍ നിന്ന് പുറത്ത് പോയതായി കാമറകളില്‍ പതിയാത്തതിനാല്‍ രാജന്‍ വനത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. വനത്തിനകത്തെ തിരച്ചില്‍ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

രാജന്റെ തിരോധാനത്തിന്റെ അന്വേഷണ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പോലിസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി വനംവകുപ്പില്‍ താത്കാലിക വാച്ചറായി ജോലി ചെയ്തുവരികയാണ് രാജന്‍. അട്ടപ്പാടി മുക്കാലി സ്വദേശിയാണ്.സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാനായി പോയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു.രാവിലെ സുഹൃത്തുക്കള്‍ ചായയുമായി രാജന്റെ താമസസ്ഥലത്ത് എത്തിയപ്പോള്‍ വഴിയില്‍ ചെരിപ്പും ടോര്‍ച്ചു കിടക്കുന്നതും,ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയില്‍ കുടുങ്ങിക്കിടക്കുന്നതും കണ്ടത്.

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടം സംഭവിക്കാന്‍ സാധ്യതയില്ലെന്നും,തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായും സഹോദരി സത്യഭാമ നേരത്തേ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it