Latest News

വി എം കുട്ടിയെന്ന ബഹുമുഖപ്രതിഭ

വി എം കുട്ടിയെന്ന ബഹുമുഖപ്രതിഭ
X

പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനാണ് ഇന്ന് അന്തരിച്ച ഗായകന്‍ വിഎം കുട്ടി. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ ഇന്ന് കാണുന്ന പദവിയിലേക്കുയര്‍ത്തുന്നതില്‍ വി എം കുട്ടിക്ക് വലിയ പങ്കുണ്ട്. അദ്ദേഹം ആ ഗാനശാഖയെ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയും സമൂഹത്തിന്റെ പല തലങ്ങളിലുള്ളവരില്‍ നിന്നും ആസ്വാദകരെ നേടിയെടുക്കുകയും ചെയ്തു.

ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലില്‍ 1935ലാണ് വി എം കുട്ടി ജനിച്ചത്. മെട്രിക്കുലേഷനും ടിടിസിയും പാസ്സായി. 1957ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി. 1985ല്‍ നിന്ന് വിരമിച്ചു. പാട്ടിനു പുറമെ ചിത്രരചന, അഭിനയം എന്നിവയിലും തല്‍പ്പരന്‍.

പാണ്ടികശാല ഒറ്റപ്പിലാക്കല്‍ ഫാത്തിമ്മക്കുട്ടിയില്‍ നിന്നാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കടന്നുവരുന്നത്. 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് ഒരു വഴിത്തിരിവായി. അതിനുശേഷമാണ് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രശസ്തനായത്. സ്വന്തമായി ഗായകസംഘമുണ്ടായിരുന്നു. 1972 മുതലാണ് അദ്ദേഹം മാപ്പിളപ്പാട്ടിനെ ഗാനമേളയുടെ രൂപത്തില്‍ അവതരിപ്പിച്ചുതുടങ്ങിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റേതായി നിരവധി കാസറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയിലും വിദഗ്ധനായിരുന്നു.

മാപ്പിളപ്പാട്ടിനു പുറമെ സിനിമയിലും പാടി. മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ പിന്നണിപാടിയിട്ടുണ്ട്.

ഇപ്പോള്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാണ്.


Next Story

RELATED STORIES

Share it