Latest News

'ശ്രീനിയാണ് താരം'; മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് വിട

ശ്രീനിയാണ് താരം; മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് വിട
X

കോഴിക്കോട്: മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഒരിക്കല്‍ അനുവാദം ചോദിക്കാതെ കയറി വന്ന മഹാപ്രതിഭയാണ് ശ്രീനിവാസന്‍. അയാള്‍ പതുക്കെ പതുക്കെ നമ്മുടെയൊക്കെ സഹോദരനായോ, മകനായോ, ജേഷ്ഠനായോ ഒക്കെ മാറി. സാധാരണക്കാരന്റെ ജീവിതവും പ്രശ്‌നങ്ങളും സെല്‍ഫ് ട്രോളിലൂടെ വെളളിത്തിരയിലേക്ക് ഞൊടിയിടയില്‍ അയാള്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസനെന്ന ആ പ്രതിഭ അങ്ങനെ മലയാളികളുടെ സാമൂഹിക ബോധത്തിലേക്ക് നടന്നു കയറി.


നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമക്ക് ശ്രീനിവാസന്‍ സംഭാവനകള്‍ നല്‍കി. ഹാസ്യം കൊണ്ട് മലയാൡകളുടെ ചിന്താശേഷിയെ അദ്ദേഹം ഉണര്‍ത്തി എന്നു തന്നെ പറയാം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നല്ല ഒന്നാന്തരം തിരക്കഥകളും ശ്രീനിവാസന്‍ എഴുതി.


1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി.

പഠനകാലത്ത് നാടകത്തില്‍ സജീവമായി. ജ്യേഷ്ഠന്‍ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് 'ഘരീബി ഖഠാവോ' നാടകം എഴുതി പാട്യം ഗോപാലന്റെ നിര്‍ദേശത്താല്‍ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്‌സിന്റെ നാടക പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ശേഷം അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1977ല്‍ ഡിപ്ലോമയെടുത്തു. പിന്നീടാണ് സിനിമയില്‍ സജീവമായി തുടങ്ങിയത്. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ.


സാധാരണക്കാരന്റെ വേദനകളും പ്രയാസങ്ങളും നര്‍മ്മം ചാലിച്ച് തിരശ്ശീലയിലേക്ക് എത്തിക്കാനുള്ള ശ്രീനിവാസന്റെ മിടുക്ക് അത്ര ചെറുതായിരുന്നില്ല. ഹാസ്യത്തെ ആക്ഷേപഹാസ്യമാക്കി മാറ്റി രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെയും തന്റെ സിനിമയിലൂടെ ഒരു മടിയും കൂടാതെ തുറന്നുവച്ച ആളുകൂടിയാണ് ശ്രീനിവാസന്‍. സന്ദേശം അത്തരത്തില്‍ മലയാളികളെ സ്വാധീനിച്ച ഒന്നായിരുന്നു. കുറിക്കു കൊള്ളുന്ന രാഷ്ട്രീയ ഡയലോഗുകളിലൂടെ സന്ദേശം ഉണ്ടാക്കിയെടുത്ത ഓളം ചില്ലറയായിരുന്നില്ല. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന്' പറയാതെ ഒരു സിനിമാസ്വാധകനും കടന്നു പോകാനായിരുന്നില്ല എന്നതാണ് വാസ്തവം.


അഭിനയ മികവു കൊണ്ട് വേറിട്ടു നില്‍ക്കുന്നതായിരുന്നു അദ്ദേഹം ചെയ്തുവച്ച ഒരോ കഥാപാത്രവും. ഉദയനാണ് താരത്തിലെ സരോജ്കുമാര്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാന്‍, പാവം പാവം രാജകുമാരനിലെ അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, തുടങ്ങിയ വേഷങ്ങള്‍ മലയാളികള്‍ എല്ലാ കാലത്തും ഓര്‍മിക്കുന്നവയായി മാറി. അങ്ങനെ എത്ര എത്ര കഥാപാത്രങ്ങള്‍, ഒരോന്നും മലയാളികളെ ഇരുത്തി ചിന്തിപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നു. പറയാന്‍ ഇനിയും കഥകള്‍ ബാക്കി വച്ചാണ് മലയാളിയുടെ പ്രിയതാരം മടങ്ങുന്നത്.

Next Story

RELATED STORIES

Share it