Latest News

ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ

ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ
X

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ബഷീര്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. ബഷീറിന്റെ വീട്ടിലും പരിസരങ്ങളിലുമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിനു നടക്കും.

ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ബഷീര്‍ ചലച്ചിത്ര ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കും. യുവ സാഹിത്യകാരന്മാര്‍ക്കായി കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സുഭാഷ് ചന്ദ്രന്‍ നയിക്കുന്ന ക്യാമ്പ് നടത്തും. ബഷീര്‍ ചിത്രരചനാ മത്സരം, ഫോട്ടോ പ്രദര്‍ശനം, നാടന്‍ ഭക്ഷ്യമേള, നാടകം, ഗസല്‍ സന്ധ്യ തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിന്‍ മരത്തിനു കീഴിലായാണ് ഒത്തു ചേരലുകള്‍ നടക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഷീര്‍ കഥാപാത്രങ്ങളായി ഇവിടം സന്ദര്‍ശിക്കാനും അവസരമൊരുക്കും. ടൂറിസം വകുപ്പ് മന്ത്രി രക്ഷാധികാരിയായ സംഘാടക സമിതിയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ചെയര്‍പേഴ്‌സണാകും. ടി. രാധാഗോപി, പ്രദീപ് ഹുഡിനോ, പ്രഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, പി പി രാമചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. രാധാകൃഷ്ണന്‍, പ്രൊഫ. യു. ഹേമന്ത് കുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്.

ചലച്ചിത്ര സംഗീത ലളിതകലാ ഫോക്‌ലോര്‍ സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെയായിരിക്കും പരിപാടി നടത്തുക. ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, രാജീവ്, എം. ഗിരീഷ്, കെ.ആര്‍. പ്രമോദ്, ടി. രാധാഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it