Latest News

മനുഷ്യ മാംസം കഴിക്കുന്ന പരാദം യുഎസിലും; ആദ്യ സ്‌ക്രൂവേം കേസ് സ്ഥിരീകരിച്ചു

മനുഷ്യ മാംസം കഴിക്കുന്ന പരാദം യുഎസിലും; ആദ്യ സ്‌ക്രൂവേം കേസ് സ്ഥിരീകരിച്ചു
X

വാഷിങ്ടണ്‍: മനുഷ്യ മാംസം കഴിക്കുന്ന പരാദവുമായി ബന്ധപ്പെട്ട രോഗബാധ യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌ക്രൂവേം എന്ന മാംസഭുക്കായ പരാദം ശരീരത്തില്‍ കയറിയ കേസാണ് യുഎസിലെ പകര്‍ച്ചവ്യാധി വകുപ്പ് സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കയിലെ എല്‍സാല്‍വദോറില്‍ നിന്നും മടങ്ങിയെത്തിയ ഒരാളുടെ ശരീരത്തിലാണ് സ്‌ക്രൂവേമിനെ കണ്ടെത്തിയത്. കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരാദബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പരാദബാധ വ്യാപകമായാല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളെ വളര്‍ത്തുന്ന ടെക്‌സസ് സംസ്ഥാനത്തെ മാരകമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.

പരാദ സ്വഭാവമുള്ള ഈച്ചകളില്‍ നിന്നാണ് സ്‌ക്രൂവേമുകള്‍ ഉണ്ടാവുന്നത്. പെണ്‍ ഈച്ചകള്‍ മൃഗങ്ങളുടെ ശരീരത്തിലെ മുറിവുകളില്‍ മുട്ടയിടും. മുട്ടകള്‍ വിരിഞ്ഞുകഴിഞ്ഞാല്‍, നൂറുകണക്കിന് സ്‌ക്രൂവേം ലാര്‍വകള്‍ അവയുടെ മൂര്‍ച്ചയുള്ള വായ ഉപയോഗിച്ച് മാംസം തുരന്ന് തിന്നും. മരത്തില്‍ സ്‌ക്രൂ ചെയ്യുന്നതു പോലെയാണ് ലാര്‍വകള്‍ മാംസം തുരന്നുതിന്നുക. അതുകൊണ്ടാണ് സ്‌ക്രൂവേം എന്ന് പേര് നല്‍കിയത്. മുറിവേറ്റ 500 കിലോഗ്രാം തൂക്കമുള്ള ഒരു കന്നുകാലിയെ ലാര്‍വകള്‍ രണ്ടാഴ്ച കൊണ്ടു കൊല്ലുമെന്നാണ് യുഎസ് കാര്‍ഷിക വകുപ്പ് പറയുന്നത്.

ഇത്തരം ലാര്‍വകളില്‍ നിന്നും ബീഫ് വ്യവസായത്തെ സംരക്ഷിക്കാന്‍ യുഎസ് നേരത്തെ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. സ്‌ക്രൂവേം ഈച്ചയുടെ ആണുങ്ങളെ വളര്‍ത്തി വന്ധീകരിക്കുന്ന ഫാക്ടറികളാണ് യുഎസ് ലക്ഷ്യമിടുന്നത്. ഈ ആണ്‍ ഈച്ചകളുമായി ഇണചേരുന്ന പെണ്‍ ഈച്ചകള്‍ ഇടുന്ന മുട്ടകളില്‍ നിന്ന് ലാര്‍വകള്‍ വിരിയില്ല. അങ്ങനെ ഈച്ചകള്‍ ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍. പുതിയ പദ്ധതിയുടെ ഭാഗമായി തെക്കന്‍ മെക്സിക്കോയില്‍ സ്‌ക്രൂവേം ഈച്ച ഫാക്ടറി രൂപീകരിക്കാന്‍ യുഎസ് കാര്‍ഷികവകുപ്പ് തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഈച്ചകളെ പാനമയില്‍ നിന്നു വാങ്ങാമെന്നും തീരുമാനമുണ്ട്. പാനമയിലെ ഫാക്ടറിയില്‍ ആഴ്ചയില്‍ 11.70 കോടി ഈച്ചകളെയാണ് നിര്‍മിക്കുന്നത്.

Next Story

RELATED STORIES

Share it