Latest News

പരിസ്ഥിതി സംരക്ഷണത്തിന് ആഗോള തലത്തില്‍ ഏകീകൃത നിയമം വേണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ദെ.

പരിസ്ഥിതി സംരക്ഷണത്തിന് ആഗോള തലത്തില്‍ ഏകീകൃത നിയമം വേണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിന് ആഗോളതലത്തില്‍ ഏകീകൃതമായ നിയമം ആവശ്യമാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അഭിപ്രായപ്പെട്ടു. ''പരിസ്ഥിതി സംരക്ഷണത്തിന് ആഗോളതലത്തില്‍ ഏകീകൃത നിയമം ആവശ്യമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ മനുഷ്യര്‍ പരാന്നഭോജികളാണ്. പരിസ്ഥിതിയ്ക്ക് കൊടുക്കുന്നതില്‍ കൂടുതല്‍ അവര്‍ എടുക്കുന്നു''- ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ദെ.

''ഭാവിയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണമാണ് ഏറ്റവും പ്രധാനം. ഭാവി തലമുറയുടെ വിഭവങ്ങള്‍ കയ്യടക്കാന്‍ നിലവിലുള്ള തലമുറക്ക് അവകാശമില്ലെന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ വിധി വളരെ പ്രധാനമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കെട്ടിക്കെടുക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഇന്ത്യയെ സംബന്ധിച്ചടത്തോളം ജഡ്ജി എവിടെ ഇരിക്കുന്നു എന്നത് പ്രധാനമല്ല. എല്ലാ കോടതികളും പരസ്പര ബന്ധിതമാണ്. എല്ലാ കോടതികളെയും നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. പല ഹൈക്കോടതികളിലും കെട്ടിക്കെടുക്കുന്ന 19-20 ശതമാനം കേസുകളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ളതാണ്. സമന്‍സ് കൃത്യമായി നല്‍കാത്തതുകൊണ്ടാണ് പല കേസുകളും തീര്‍പ്പാക്കാനാവാത്തത്.'' -അദ്ദേഹം നിരീക്ഷിച്ചു.

ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ ഉപയോഗപ്പെടുത്താമെന്നും ജസ്റ്റിസ് ബോബ്ദെ അഭിപ്രായപ്പെട്ടു. എങ്കിലും മനുഷ്യബുദ്ധിയുടെ പ്രയോഗം ഇതിലും സുപ്രധാനമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Next Story

RELATED STORIES

Share it