Latest News

2026-ഓടെ ഇന്ത്യയിൽ എഐ അധിഷ്ഠിത ഡിജിറ്റൽ ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ടോള്‍ബൂത്തില്ലെങ്കിലും അമിതവേഗതയ്ക്ക് പിഴവരും

2026-ഓടെ ഇന്ത്യയിൽ എഐ അധിഷ്ഠിത ഡിജിറ്റൽ ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
X

ന്യൂഡല്‍ഹി: 2026-ഓടെ ഇന്ത്യയിൽ എഐ അധിഷ്ഠിത ഡിജിറ്റൽ ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടോള്‍ പ്ലാസകള്‍ വൈകാതെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ ബൂത്തുകളില്ലെങ്കിലും അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കൃത്യമായി പിഴ ചുമത്തുമെന്നും ഗഡ്കരി അറിയിച്ചു. '2026 ആകുമ്പോഴേക്കും കാറുകള്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കാതെ കടന്നുപോകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ക്യാമറ നമ്പര്‍ പ്ലേറ്റിന്റേയും ഫാസ്റ്റ് ടാഗിന്റെയും ചിത്രം എടുക്കുകയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നികുതി ഈടാക്കുകയും ചെയ്യും,' ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു.

2026 മുതല്‍ ഏര്‍പ്പെടുത്തുന്ന പുതിയ സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനത്തിന്റെ സഹായത്തോടെയാകും ടോള്‍ തുകയും പിഴയും നിര്‍ണയിക്കുകയും ഈടാക്കുകയും ചെയ്യുക. സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ ഫീ സിസ്റ്റത്തിലെ ഹൈ-സ്പീഡ് ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകളുടെയും ഫാസ്റ്റ് ടാഗ് സ്റ്റിക്കറുകളുടെയും ചിത്രങ്ങള്‍ എടുക്കുകയും അതിനുശേഷം വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് ടോള്‍ നിരക്ക് ഓട്ടോമാറ്റിക്കായി ഈടാക്കുകയും ചെയ്യും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍, എഐ അനലിറ്റിക്സ്, ആര്‍എഫ്‌ഐഡി അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോള്‍ ശേഖരണം എന്നിവയുടെ ഒരു സംയോജനമായിരിക്കും സെന്‍സറുകള്‍.

അമിത വേഗതയില്‍ പോകുന്ന ഒരു വാഹനം സാധാരണ എടുക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അടുത്ത ടോള്‍ പ്ലാസയില്‍ എത്തും. ഇത് വാഹനം അമിത വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. വേഗതയും മറ്റും അളക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ സാറ്റലൈറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെ ആയിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. തിരക്കേറിയ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടി വരാത്തതിനാല്‍ 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും സര്‍ക്കാരിന്റെ മഴക്കാല ഫണ്ടിലേക്ക് 6,000 കോടി രൂപ കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

'റോഡുകളുടെ ഗുണമേന്മയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, എന്നാല്‍ ദേശീയപാതകളുടെ കാര്യത്തില്‍ മാത്രമാണ് കേന്ദ്രം ഉത്തരവാദികള്‍, സംസ്ഥാനപാതകളുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദികളല്ല. നഗര റോഡുകള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. അതായത് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ എഴുപതു ശതമാനത്തിനും ഞങ്ങളുമായി ബന്ധമില്ല. ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ രണ്ട് വര്‍ഷത്തേക്കു വിലക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍, ക്രിമിനല്‍ നടപടി ചട്ടപ്രകാരം നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുക്കും, എന്നാല്‍ ഗുണനിലവാരമില്ലാത്ത പ്രവൃത്തി അനുവദിക്കില്ല,' ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it