Latest News

പൗരത്വ ഭേദഗതി നിയമത്തിന് ചട്ടമായില്ല; സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമതിയില്‍

ലോക്ഡൗൺ വന്നതോടെ പരസ്യ പ്രതിഷേധങ്ങൾ അവസാനിച്ചുവെങ്കിലും കോവിഡ് ഭീഷണി അവസാനിച്ചാൽ നിയമവുമായി മുന്നോട്ടു പോവുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് ചട്ടമായില്ല; സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമതിയില്‍
X

ന്യൂഡൽഹി: ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടികൾ പൂർത്തിയാക്കാതെ വൈകിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി തയ്യാറാക്കേണ്ട ചട്ടങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇതിനായി കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പാർലമെന്റ് സമിതി മുമ്പാകെ അപേക്ഷ സമർപ്പിച്ചു. ഇത് അഞ്ചാം തവണയാണ് അമിത് ഷായുടെ മേൽനോട്ടത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റ് സമിതിയോട് ചട്ടരൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെടുന്നത്.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ മോഡി സർക്കാർ പാസ്സാക്കിയ നിയമമാണ് പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎ. 2019 ഡിസംബർ 11ന് തിടുക്കപ്പെട്ട് പാസ്സാക്കിയെടുത്ത നിയമം പക്ഷേ ഇപ്പോഴും പ്രാബല്യത്തിലായിട്ടില്ല. ഇരുസഭകളിലും ആവശ്യമായ ചർച്ചയ്ക്ക് പോലും ഇടനൽകാതെ പാസ്സാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്ല് തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ ഒപ്പു വാങ്ങി നിയമമാക്കിയെങ്കിലും ഏകദേശം രണ്ടു വർഷം കഴിഞ്ഞിട്ടും പ്രാബല്യത്തിൽ കൊണ്ടുവരാതെ വൈകിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

പാർലമെന്ററി പ്രവർത്തനത്തിന്റെ മാനുവൽ അനുസരിച്ച്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ചട്ടങ്ങളും വകുപ്പുകളും രൂപീകരിക്കണം. അല്ലെങ്കിൽ ലോക്‌സഭ, രാജ്യസഭ എന്നിവയുടെ സമിതികളിൽ നിന്ന് സമയം നീട്ടി നൽകാൻ ആവശ്യപ്പെടണം. സിഎഎ നിയമം പാസ്സാക്കിയെടുത്ത് ആറു മാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാതെ 2020 ജൂൺ മുതൽ വിവിധ ഘട്ടങ്ങളായി നാലുതവണയാണ് ആഭ്യന്തര വകുപ്പ് സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടത്.

അനുവദിക്കപ്പെട്ടിരുന്ന സമയം തിങ്കളാഴ്ച അവസാനിച്ചതോടെ വീണ്ടും പാർലമെന്റ് സമിതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് മന്ത്രാലയം. 'കൂടുതൽ സമയം ആവശ്യപ്പെട്ട് ഞങ്ങൾ പാർലമെന്ററി കമ്മിറ്റികളെ സമീപിച്ചിട്ടുണ്ട്. സമയം നീട്ടിനൽകുമെന്ന് പ്രതീക്ഷിക്കുന്നു,'- മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് അന്നുണ്ടായത്. ലോക്ഡൗൺ വന്നതോടെ പരസ്യ പ്രതിഷേധങ്ങൾ അവസാനിച്ചുവെങ്കിലും കോവിഡ് ഭീഷണി അവസാനിച്ചാൽ നിയമവുമായി മുന്നോട്ടു പോവുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ വ്യക്തമാക്കിയിരുന്നു. നിയമം പാസ്സാക്കാൻ ബിജെപി കാണിച്ച വ്യഗ്രത ചട്ടപൂർത്തീകരണത്തിൽ കാണാത്തതിനാൽ ഉചിതമായ സമയത്ത് സിഎഎ വീണ്ടും ആയുധമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത്.

Next Story

RELATED STORIES

Share it