Latest News

കേന്ദ്ര ബജറ്റ് 2026; നികുതി നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി സര്‍ക്കാര്‍

കേന്ദ്ര ബജറ്റ് 2026; നികുതി നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: 2026ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ വലിയ തോതിലുള്ള ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് സൂചന.നിലവിലുള്ള സങ്കീര്‍ണ്ണമായ നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സാധാരണക്കാരായ നികുതിദായകര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. നികുതി നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

നികുതി നോട്ടിസുകള്‍ അയക്കുന്നതിലും അസ്സസ്‌മെന്റ് നടപടികളിലും കൂടുതല്‍ കൃത്യത കൊണ്ടുവരുന്നതിലൂടെ നികുതിദായകരും വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് മേഖലയിലും വ്യക്തിഗത ആദായനികുതിയിലും വലിയ മാറ്റങ്ങളില്ലെങ്കിലും, നികുതി വെട്ടിപ്പ് തടയാനും കൃത്യമായ നികുതി പിരിവ് ഉറപ്പാക്കാനുമുള്ള ആധുനിക സംവിധാനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.ലളിതമായ ഭാഷയും കുറഞ്ഞ നികുതി നിയമങ്ങളും ഉള്‍പ്പെടുത്തി നികുതിദായകരുടെ ഭാരം കുറയ്ക്കുക എന്ന നയമാണ് വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളത്.

കഴിഞ്ഞ ബജറ്റുകളില്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാല്‍, ഇത്തവണ സ്ലാബുകളില്‍ മാറ്റം വരുത്തുന്നതിന് പകരം നികുതി ഘടനയുടെ ലളിതവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഈ ബജറ്റില്‍ പുതിയ ആദായനികുതി നിയമം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളും ഉണ്ടായേക്കാം.

Next Story

RELATED STORIES

Share it